രാസവള വില്‍പന പിഒഎസ് മെഷീന്‍ വഴി

കണ്ണൂര്‍: രാസവളത്തിന്റെ സബ്‌സിഡി നേരിട്ട് കര്‍ഷകര്‍ക്കു ലഭ്യമാവുന്ന പദ്ധതി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഇന്‍ ഫെര്‍ട്ടിലൈസര്‍) സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനം. രാസവള സബ്‌സിഡി അര്‍ഹരായവര്‍ക്ക് മാത്രം ലഭ്യമാക്കാനും രാസവളങ്ങളുടെ അമിത ഉപയോഗവും അനധികൃത ഉപയോഗവും തടയാനും കാര്‍ഷിക മന്ത്രാലയവും രാസവള മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതിക്കു രൂപംനല്‍കിയത്. കൃഷിവകുപ്പും ജില്ലാ ഭരണകൂടങ്ങളും ചേര്‍ന്നാണ് ഇതു നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനപ്രകാരം 2018 ജനുവരി 1 മുതല്‍ സബ്‌സിഡിയോടെ നല്‍കുന്ന രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, എന്‍പികെ കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും സിറ്റി കംപോസ്റ്റും ചെറുകിട വ്യാപാരികള്‍ പിഒഎസ് മെഷീന്‍ വഴി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയും വളം വാങ്ങുന്നതിനുള്ള പരിധിയും ആദ്യഘട്ടത്തില്‍ ഉണ്ടാവില്ല. പിഒഎസ് മെഷീന്‍ വഴി ബില്ലിങ് നടത്തിയുള്ള വളം വില്‍പനയാണ് നടപ്പാക്കുന്നത്. ആധാര്‍ നമ്പറും വിരലടയാളവും നല്‍കി മാത്രമേ കര്‍ഷകര്‍ക്ക് വളം ചില്ലറവിതരണക്കാരി ല്‍ നിന്ന് വാങ്ങാന്‍ സാധിക്കൂ. ഇതിന്റെ വിലയും തൂക്കവും രേഖപ്പെടുത്തിയ ബില്ലും മെഷീനില്‍ നിന്ന് ലഭിക്കും. സബ്‌സിഡി ആനുകൂല്യം രാസവള നിര്‍മാണ കമ്പനികള്‍ക്കാണ് പദ്ധതിയിലൂടെ ലഭ്യമാക്കുക. വിതരണക്കാര്‍ പിഒഎസ് മെഷീന്‍ വഴി വിപണനം നടത്തിയാല്‍ മാത്രമേ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡി ലഭ്യമാകൂ. പാചകവാതകത്തിന്റെ മാതൃകയില്‍ കര്‍ഷകര്‍ക്ക് നേരിട്ടു സബ്‌സിഡി ലഭ്യമാകുന്ന രീതി അടുത്ത ഘട്ടത്തില്‍ ആരംഭിക്കും. നാളെ വ്യാപാരികള്‍ പിഒഎസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷി ഓഫിസര്‍ക്ക് അന്നത്തെ ക്ലോസിങ് സ്റ്റോക്ക് ഏല്‍പിക്കണം. 24ന് അര്‍ധരാത്രി പിഒഎസ് മെഷീനിലെ സ്റ്റോക്ക് പൂജ്യം ആകും. 25 മുതല്‍ 27നുള്ളില്‍ വ്യാപാരികള്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പിഒഎസ്, യൂസര്‍, സ്റ്റോക്ക് രജിസ്റ്റര്‍, പിഒഎസ് മെഷീന്‍, ആധാര്‍ കാര്‍ഡ്, എംഎഫ്എംഎസ്‌ഐഡി സഹിതം ഹാജരായി പിഒഎസ് മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തണം.
Next Story

RELATED STORIES

Share it