Flash News

രാജീവ് ഗാന്ധി വധം: തടവില്‍ കഴിയുന്നവരെ വിട്ടയക്കില്ല

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന എ ജി പേരറിവാളന്‍, നളിനി അടക്കമുള്ളവരെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പേരറിവാളന്‍, നളിനി എന്നിവര്‍ക്ക് പുറമേ വി ശ്രീഹരന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവി ചന്ദ്രന്‍ എന്നിവരാണ് തടവിലുള്ളത്. 24 വര്‍ഷമായി തടവില്‍ കഴിയുന്ന ഇവരെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശത്തോട് കേന്ദ്രത്തിനു യോജിപ്പില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതി അപേക്ഷ തള്ളിയത്. തടവില്‍ കഴിയുന്നവരുടെ മോചനം ആവശ്യപ്പെട്ട് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടു തവണ തമിഴ്‌നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. മനുഷ്യത്വപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് ഇവരെ വെറുതെ വിടണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാല്‍, രാഷ്ട്രപതി നിരാകരിക്കുകയായിരുന്നു. ഹരജി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ അടങ്ങുന്ന പ്രത്യേക സമിതിയുടെ തീരുമാനം പരിഗണിച്ച ശേഷമാണ് ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുക. തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശത്തോട് യോജിപ്പില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയവര്‍ സമൂഹത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.  പ്രതികളുടെ മോചനത്തിനായി നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖ് പറഞ്ഞു.
Next Story

RELATED STORIES

Share it