രാജിയില്ല; മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് അക്ബര്‍

കെ എ സലിം

ന്യൂഡല്‍ഹി: തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് മീ ടൂ കാംപയിനില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍. ഇന്നലെ ഡല്‍ഹിയിലെത്തിയ അക്ബര്‍ വൈകീട്ടോടെ പുറത്തിറക്കിയ നീണ്ട വാര്‍ത്താക്കുറിപ്പില്‍ രാജിക്കാര്യം സൂചിപ്പിച്ചില്ല. പകരം, ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
14 മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരേ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. ആരോപണം ഉയരുമ്പോള്‍ നൈജീരിയന്‍ സന്ദര്‍ശനത്തിലായിരുന്നു അക്ബര്‍. അക്ബറിനെ ഉടന്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ നിലപാട് മാറ്റി. മുന്‍ നിശ്ചയപ്രകാരം സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അക്ബര്‍ ഡല്‍ഹിയിലെത്തിയത്.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു. നുണകള്‍ക്കു കാലുകളില്ല. പക്ഷേ, അവയില്‍ വിഷം അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണം പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പു മാത്രം ഉയര്‍ന്നത്. ഇതില്‍ എന്തെങ്കിലും അജണ്ടകളുണ്ടോ? തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ തന്റെ പ്രശസ്തിക്കും സല്‍പ്പേരിനും ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. താന്‍ നീന്തല്‍ക്കുളത്തില്‍ വച്ച് ഉപദ്രവിച്ചുവെന്നാണ് ഒരു ആരോപണം. തനിക്കു നീന്തല്‍പോലും അറിയില്ല. ഒരു തെളിവുമില്ലാത്ത ആരോപണങ്ങളാണ് ഇതെല്ലാം- അക്ബര്‍ പറഞ്ഞു.
ഓരോ ആരോപണവും അത് ഉന്നയിച്ചവരുടെ പേരുകളും എടുത്തുപറഞ്ഞാണ് അക്ബര്‍ പ്രസ്താവനയില്‍ അതു നിഷേധിച്ചത്. വെളിപ്പെടുത്തലുകള്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ച, അക്ബര്‍ നേരത്തേ ജോലി ചെയ്ത ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പകര്‍ച്ചപ്പനിയായി മാറിയിട്ടുണ്ടെന്നും അക്ബര്‍ പറഞ്ഞു. പ്രിയാ രമണി ഒരു വര്‍ഷം മുമ്പാണ് ആരോപണം ഉന്നയിച്ചത്. അതില്‍ തന്റെ പേരില്ലായിരുന്നു. എന്തുകൊണ്ട് പേരില്ലെന്ന ചോദ്യത്തിന് അന്നു പറഞ്ഞത് ആരും ഒന്നും ചെയ്തില്ല എന്നാണ്. ചെയ്തില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്.
അക്ബര്‍ തിരിച്ചുവരുമ്പോള്‍ രാവിലെ വിമാനത്താവളത്തില്‍ മാധ്യമങ്ങള്‍ കാത്തുനിന്നിരുന്നു. മാധ്യമങ്ങളോട് ആരോപണങ്ങളെക്കുറിച്ചു പിന്നീട് വിശദമായി പ്രതികരിക്കാമെന്ന് പറഞ്ഞു. ഇതിനു പിന്നാലെ അക്ബര്‍ രാജിവച്ചെന്ന അഭ്യൂഹം ശക്തമാവുകയും ചെയ്തു. പ്രധാനമന്ത്രിയോട് അക്ബര്‍ രാജിസന്നദ്ധത അറിയിച്ചതായാണു റിപോര്‍ട്ട്.
എന്നാല്‍ സാമൂഹികമാധ്യമങ്ങളിലൂടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു തുറന്നുപറയുന്ന മീ ടൂ കാംപയിന്റെ ഭാഗമായി ആരോപണം ഉയരുന്നതോടെ രാജിവയ്ക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന ബോധ്യത്താലാണ് രാജി സ്വീകരിക്കാതിരുന്നതെന്നാണ് വിവരം. വൈകീട്ട് വിദേശകാര്യമന്ത്രിയുമായും അക്ബര്‍ കൂടിക്കാഴ്ച നടത്തി.

Next Story

RELATED STORIES

Share it