thrissur local

രണ്ടുകിലോ കഞ്ചാവുമായി ഇടനിലക്കാരന്‍ പിടിയില്‍

കുന്നംകുളം: അടുപ്പുട്ടി മേഖലയിലേക്ക് വിതരണത്തിന് കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് വിതരണത്തിന് എത്തിച്ച ഇടനിലക്കാരന്‍ അറസ്റ്റില്‍. ഇടുക്കി ബൈസണ്‍വാലി കളത്തിപറമ്പില്‍ വീട്ടില്‍ ജോസ് (55) നെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടുക്കിയില്‍ നിന്നും കുന്നംകുളം മേഖലയിലേക്ക് വിതരണത്തിന് കൊണ്ടുവന്ന നീലച്ചടയന്‍ ഇനത്തില്‍ പെട്ട മുന്തിയതരം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം അടുപ്പുട്ടിയില്‍ കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട സംഘര്‍ഷം നടന്നിരുന്നതിനാല്‍ എക്‌സൈസ് സംഘം ഇവിടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് കഞ്ചാവുമായി ഇടനിലക്കാരന്‍ കുന്നംകുളത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യ വിവരം തൃശൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി വി റാഫേലിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ജോസ് പിടിയിലായത്. സംഘത്തില്‍ പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ജെ ജോര്‍ജ്, പി എല്‍ ജോയ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം കെ സദാനന്ദന്‍, കെ വി ഷാജി, വിക്കി ജോണ്‍, സെല്‍വി, നൂര്‍ജ, പ്രമീല എന്നിവരും ഉണ്ടായിരുന്നു.യുവാവ് പിടിയില്‍ചാലക്കുടി: കോയമ്പത്തൂരില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്നു വില്‍പ്പന നടത്തിയിരുന്ന യുവാവ് പിടിയിലായി. കൊന്നക്കുഴി കിഴക്കേ പുറത്ത് വീട്ടില്‍ അനിലി(25)നെയാണ് എസ്‌ഐ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തത്. കഞ്ചാവ് അടിപിടി കേസുകളിലെ പ്രതിയായ ഇയാള്‍ മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി നഗരസഭ ബസ് സ്റ്റാന്റില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് പോക്കറ്റിലുണ്ടായിരുന്ന കഞ്ചാവ് പൊതി എറിഞ്ഞു കളയാന്‍ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തിനുള്ളില്‍ ചെറിയ പൊതികളാക്കി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. കോയമ്പത്തൂര്‍, പൊള്ളാച്ചി, തേനി എന്നിവിടങ്ങളില്‍ നിന്നു കഞ്ചാവ് കൊണ്ടുവന്നു നില്‍ക്കുന്ന ചിലരെക്കുറിച്ച് ചോദ്യംചെയ്യലില്‍ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചു വരികയാണെന്നും എസ്‌ഐ അറിയിച്ചു. രാത്രി ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ജൂനിയര്‍ എസ്‌ഐ ആര്‍ രാജേഷ്, എസ്‌സിപിഒ ജോയ്, സിപിഒമാരായ എ യു റെജി, രാജേഷ് ചന്ദ്രന്‍, എം എസ്.ഷിജു, കെ പ്രവീണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it