യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തിനു പുറത്തേക്ക് 4,80,200 യുഎസ് ഡോളര്‍ (മൂന്നേകാല്‍ കോടി രൂപ) കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേസ് എയര്‍ഹോസ്റ്റസിനെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തു. ദേവശി കുല്‍ശൃതയാണ് അറസ്റ്റിലായത്. ഹോങ്കോങിലേക്ക് പറക്കാനിരിക്കെ ആയിരുന്നു അറസ്റ്റ്. ഇവരുടെ കൈവശം 4,80,200 യുഎസ് ഡോളറുണ്ടായിരുന്നുവെന്ന് ഡിആര്‍ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലെ അമിത് മല്‍ഹോത്ര എന്ന ഏജന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു എയര്‍ഹോസ്റ്റസ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മല്‍ഹോത്രയും അറസ്റ്റിലായിട്ടുണ്ട്. വിദേശ കറന്‍സി കടത്തുന്നതിനു വിമാന ജോലിക്കാരെ ഇയാള്‍ ഉപയോഗിച്ചുവരികയായിരുന്നു.ഡല്‍ഹിയിലെ ചില ആഭരണ വ്യാപാരികളില്‍ നിന്നാണ് മല്‍ഹോത്ര പണം ശേഖരിക്കുന്നത്. കുല്‍ശൃത വഴി അത് തിരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേക്ക് അയക്കും. വിദേശത്തു നിന്നു സ്വര്‍ണം വാങ്ങാനാണ് പണം ഉപയോഗിക്കുന്നത്. സ്വര്‍ണം അനധികൃത മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്കയക്കും. ആറു മാസം മുമ്പ് വിമാന യാത്രയ്ക്കിടെയാണ് മല്‍ഹോത്ര കുല്‍ശൃതയുമായി ചങ്ങാത്തത്തിലാവുന്നതെന്നും അധികൃതര്‍ പറഞ്ഞു.ജെറ്റ് എയര്‍വേസിലെ മറ്റു ചില ജീവനക്കാര്‍ക്കും വിദേശ കറന്‍സി കടത്തുന്നതില്‍ പങ്കുണ്ടെന്ന് ഡിആര്‍ഐ സംശയിക്കുന്നുണ്ട്. ഹവാല ഇടപാടില്‍ പങ്കാളികളായ ആഭരണ വ്യാപാരികളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മല്‍ഹോത്രയില്‍ നിന്നു 3.3 ലക്ഷം രൂപ 2,500 യുഎസ് ഡോളര്‍ മൂല്യം വരുന്ന വിദേശ കറന്‍സികളും നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it