Kottayam Local

യാത്രാ സൗകര്യമില്ല : വികസനമെത്താതെ നേരേകടവ് തുരുത്തേല്‍ ഗ്രാമനിവാസികള്‍



വൈക്കം: വികസനമെത്താതെ ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിലെ നേരേകടവ് തുരുത്തേല്‍ ഗ്രാമനിവാസികള്‍. നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമത്തെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത്. അപകടത്തില്‍പെടുന്നവര്‍ക്ക് വൈദ്യസഹായം നല്‍കണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം റോഡിലെത്താന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്രാക്ലേശം പരിഹരിക്കാന്‍ നാട്ടുകാര്‍ പിരിവെടുത്ത് ബോട്ടുജെട്ടി സ്ഥാപിച്ചു. ഇതോടെ മണപ്പുറം-ചെമ്മനാകരി ഫെറിയിലെത്തുന്ന ബോട്ട് തുരുത്തേല്‍ ജെട്ടിയിലും എത്താന്‍ തുടങ്ങി. വെള്ളം കുറവാകുന്നതും കാലപ്പഴക്കത്താല്‍ ജെട്ടിയുടെ പലകകള്‍ ദ്രവിച്ചും തുടങ്ങിയതോടെ ബോട്ട് അടുപ്പിക്കുന്നത് വിഷമകരമായി. ഇതോടുകൂടി തുരുത്തേല്‍ നിവാസികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ജെട്ടി പുനനിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുരുത്തിലേക്കെത്താനുള്ള പാലത്തില്‍ക്കൂടിയുള്ള യാത്രയും അപകടം നിറഞ്ഞതാണ്. തകര്‍ന്ന പാലത്തിനു പകരം നാട്ടുകാര്‍ തടി പാലം സ്ഥാപിച്ചാണ്  ഇപ്പോള്‍ സഞ്ചരിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പുതിയ പാലം നിര്‍മിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ ഇറക്കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും തുടര്‍നടപടികള്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ബന്ധുവിനെ രക്ഷിക്കാന്‍ കായലില്‍ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചപ്പോള്‍ ഇവരുടെ മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് എത്തിക്കുന്നതിനുപോലും ഏറെ കഷ്ടപ്പെടേണ്ടി വന്നത് തുരുത്തേല്‍ നിവാസികള്‍ക്ക് ഏറെ വേദനയുളവാക്കി.
Next Story

RELATED STORIES

Share it