Flash News

യഥാസമയം ചികില്‍സിച്ചാല്‍ ഡെങ്കിപ്പനി അപകടകാരിയല്ല



തിരുവനന്തപുരം: ഡെങ്കിപ്പനി ആരംഭത്തില്‍ കണ്ടുപിടിച്ച് ചികില്‍സിച്ചാല്‍ അപകടകാരിയാവില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര്‍ എല്‍ സരിത അറിയിച്ചു. സ്വകാര്യ മേഖലയിലടക്കം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചികില്‍സിയില്‍ അതീവശ്രദ്ധ ചെലുത്തണം.കേന്ദ്രസര്‍ക്കാര്‍ 2015ല്‍ പുറപ്പെടുവിച്ച പരിഷ്‌കരിച്ച ഡെങ്കി ചികില്‍സാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാവണം ചികില്‍സയും റഫറലുമെന്ന് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. വിവിധതരം ടെസ്റ്റുകള്‍, രക്തം കയറ്റല്‍, പ്ലാസ്മ പ്ലേറ്റ്‌ലെറ്റ് തുടങ്ങിയവ നല്‍കല്‍ മേല്‍പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാവണം. ജില്ലാ മെഡിക്കല്‍ ഓഫിസറെ സമയബന്ധിതമായി രോഗവിവരം അറിയിക്കുന്നതുവഴി ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്യുന്നസ്ഥലങ്ങളില്‍ 48 മണിക്കൂറിനകം നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കും. ഡെങ്കിപ്പനിയുള്ളപ്പോള്‍ കൊതുകുകടി തടയുന്നതിനും രോഗം പകരാതിരിക്കുന്നതിനും വീട്ടിലും ആശുപത്രിയിലും കൊതുകുവല ഉപയോഗിക്കണം. ഈഡിസ് കൊതുകു നിയന്ത്രണമാണ് ഡെങ്കിപ്പനിക്കുള്ള ഏക പ്രതിരോധം. അതിനാല്‍ വീട്ടിനുള്ളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണം. വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങള്‍ ടാങ്കുകള്‍ എന്നിവയും ആഴ്ചയില്‍ ഒരിക്കല്‍ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം. ടയറുകള്‍, ചിരട്ടകള്‍ എന്നിവ വെള്ളം തങ്ങിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പകല്‍ സമയത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്്ത്രം ധരിക്കണം.
Next Story

RELATED STORIES

Share it