യത്തീംഖാനകള്‍ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യണം

ന്യൂഡല്‍ഹി: യത്തീംഖാനകള്‍ അടക്കമുള്ള ആരാ—ധനാലയങ്ങള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന കേരള ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നു സുപ്രിംകോടതി. ബാലനീതി നിയമത്തിനു കീഴിലടക്കം യത്തീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്തു കേരളത്തിലെ യത്തീംഖാനകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കേസിലെ അമിക്കസ്‌ക്യൂറി അപര്‍ണാ ഭട്ട് ആണു ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ടത്. അമിക്കസ്‌ക്യൂറിയുടെ ആവശ്യം തള്ളിയ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച്, യത്തീംഖാനകള്‍ ബാലനീതി നിയമപ്രകാരമുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ആണോ, അല്ലയോ എന്നതു വലിയ നിയമ പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ വിശദമായ വാദംകേള്‍ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
അതേസമയം യത്തീംഖാനകളിലെ സൗകര്യങ്ങള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖയുടെ പകര്‍പ്പ്, കുട്ടികളുടെ എണ്ണം എന്നിവ വ്യക്തമാക്കി നാലാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യത്തീംഖാനകളോടു കോടതി നിര്‍ദേശിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു കീഴിലുള്ള യത്തീംഖാനകള്‍ ആണു ഹരജി നല്‍കിയിരുന്നത്. യത്തീംഖാനകള്‍ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയില്‍ വരില്ലെന്നു കേരള സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പ്രത്യേക പരിഗണനയും ജാഗ്രതയും ആവശ്യമുള്ളതോ, കുറ്റവാസനയുള്ളതോ ആയ കുട്ടികളല്ല യത്തീംഖാനയില്‍ ഉള്ളത്. ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം യത്തീംഖാനകള്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെങ്കിലും അവ ബാലനീതി നിയമ പ്രകാരവും രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.
മാര്‍ച്ച് 31നു മുമ്പായി എല്ലാ ശിശു സംരക്ഷണകേന്ദ്രങ്ങളും യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണം. ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുമെന്നും യത്തീംഖാനകള്‍ക്കു കത്തയക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ കേസില്‍ കക്ഷിയായ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എതിര്‍ത്തില്ല. അമിക്കസ്‌ക്യൂറിയുടെ ആവശ്യം കൂടി പരിഗണിച്ച് എല്ലാ ധര്‍മസ്ഥാപനങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നു സുപ്രിംകോടതി നിര്‍ദേശം നല്‍കി.
അനാഥാലയങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ അന്വേഷണം നടത്തി ശിക്ഷിക്കാന്‍ അധികാരമുള്ള വ്യവസ്ഥ പ്രകാരമുള്ള സമിതിയാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്. 1960ലെ നിയമ പ്രകാരം രൂപീകരിച്ച ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യത്തീംഖാനകള്‍ 2015ലെ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നു യത്തീംഖാനകള്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബലും ഹുസൈഫ അഹ്മദിയും വാദിച്ചു. യത്തീംഖാനകള്‍ വഖ്ഫ് സ്വത്തുക്കളാണ്. അവയില്‍ മത ഭൗതിക വിദ്യാഭ്യാസമടക്കം എല്ലാ സൗകര്യങ്ങളും നല്‍കുന്നുവെന്നും അഭിഭാഷകര്‍ വാദിച്ചു.
എന്നാല്‍, ബാലനീതി നിയമത്തില്‍ പറയുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ 1960ലെ നിയമത്തിലുണ്ടോ എന്ന് കോടതി ചോദിച്ചു. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു കപില്‍ സിബല്‍ മറുപടി പറഞ്ഞു. യത്തീംഖാനകള്‍ക്കു വേണ്ടി അഭിഭാഷകരായ കെ എ ജലീല്‍, പി എസ് സുല്‍ഫീക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി.
Next Story

RELATED STORIES

Share it