World

മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ നശിപ്പിക്കുന്നത് തുടരുന്നു

നേപിഡോ: റോഹിന്‍ഗ്യരെ തിരിച്ചുവരാന്‍ അനുവദിക്കുമെന്നു ബംഗ്ലാദേശുമായി ധാരണയില്‍ ഒപ്പിട്ടെങ്കിലും മ്യാന്‍മര്‍ സൈന്യം റഖൈനില്‍ ഗ്രാമങ്ങള്‍ നശിപ്പിക്കുന്നത് തുടരുന്നതായി റിപോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ മ്യാന്‍മര്‍ സൈന്യം റഖൈനിലെ 40 ഗ്രാമങ്ങള്‍ തകര്‍ക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യൂ) തിങ്കളാഴ്ച പുറത്തുവിട്ടു. ധാരണയില്‍ ഒപ്പുവച്ചതിനു ശേഷവും സൈന്യം റഖൈനിലെ ഗ്രാമങ്ങള്‍ തകര്‍ക്കുന്നത് റോഹിന്‍ഗ്യരുടെ മടക്കം സുരക്ഷിതമായിരിക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്. ധാരണ മ്യാന്‍മറിനു പ്രചാരണതന്ത്രം മാത്രമായിരുന്നുവെന്നും എച്ച്ആര്‍ഡബ്ല്യൂ ഏഷ്യ ഡയറക്ടര്‍ ബ്രാഡ് ആഡംസ് അഭിപ്രായപ്പെട്ടു. മുസ്‌ലിം വംശഹത്യയുടെ ഭാഗമായി മ്യാന്‍മര്‍ സൈന്യം 354 ഗ്രാമങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തിട്ടുണ്ട്. നവംബര്‍ 25നും ഡിസംബര്‍ 2നും ഇടയില്‍ മൗങ്‌ഡോ ടൗണ്‍ഷിപ്പിലെ കെട്ടിടങ്ങള്‍ നശിപ്പിക്കുന്ന രംഗങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാണ്. ആഗസ്ത് അവസാനത്തിലാണ് മ്യാന്‍മര്‍ റോഹിന്‍ഗ്യര്‍ക്കെതിരായ സൈനിക നടപടി ആരംഭിച്ചത്. തുടര്‍ന്ന്, ഏഴുലക്ഷത്തിലധികം റോഹിന്‍ഗ്യര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. യുഎന്നില്‍ നിന്നടക്കമുള്ള  സമ്മര്‍ദത്തെതുടര്‍ന്നായിരുന്നു മ്യാന്‍മര്‍ ധാരണയ്ക്ക് തയ്യറായത്.
Next Story

RELATED STORIES

Share it