kasaragod local

മെക്കാഡം ടാറിങ്: പരിശോധനകള്‍ക്ക് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും

കാസര്‍കോട്്: ജില്ലാ പഞ്ചായത്തിന് കീഴില്‍ ആരംഭിക്കുന്ന മെക്കാഡം റോഡ് ടാറിങിന്റെ പരിശോധനക്ക് നാറ്റ്പാക്കിനെ ചുമതലപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.  2017-18 വാര്‍ഷിക പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ റോഡുകളായ വിദ്യാനഗര്‍-നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക, മൂന്നാംമൈല്‍-പറക്കളായി-അയ്യങ്കാവ്, ഏഴാംമൈല്‍-എണ്ണപ്പാറ റോഡ്, ചെങ്കള-ചേരൂര്‍, ചായിന്റടി-ബജ്‌പെകടവ് എന്നിവയുടെ മെക്കാഡം ടാറിങ് പ്രവൃത്തികളുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും. ജില്ലയിലെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.  ഇതിന്റെ ഭാഗമായി 43 സ്‌കൂളുകളിലെ അപേക്ഷ പരിഗണിച്ച് ഹൈസ്‌ക്കൂളുകളില്‍ അഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന കണക്കിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാല് കുട്ടികള്‍ക്ക് ഒന്ന് എന്ന കണക്കിലും ബെഞ്ചും ഡെസ്‌ക്കും അനുവദിക്കാന്‍ തീരുമാനിച്ചു. പദ്ധതിക്കായി 1.30 കോടി രൂപയാണ് അനുവദിച്ചത്. സ്‌കൂളുകള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികള്‍ 100 ശതമാനം ടൈല്‍സ് പാകുന്നതിനുള്ള പദ്ധതിക്കും യോഗം അംഗീകാരം നല്‍കി. ക്ലാസ് റൂമൊന്നിന് 50,000 രൂപ നിരക്കില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എല്‍എസ്ജിഡിക്ക് നിര്‍ദ്ദേശം നല്‍കി.   ജില്ലാ പഞ്ചായത്തില്‍ രാജീവ് ഗാന്ധി പഞ്ചായത്ത് സശാക്തീകര അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിക്കുന്ന വെര്‍ച്വര്‍ ക്ലാസ്സ് റൂം ഓഫിസ് കെട്ടിടത്തിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന അനക്‌സ് ഹാളില്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. തുളുഭാഷയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയാക്കുന്നതിനും കന്നഡ പരിഭാഷ പൂര്‍ത്തിയാക്കുന്നതിനുളള നടപടിക്കും യോഗം അംഗീകാരം നല്‍കി. മഹാകവി കിഞ്ഞണ്ണറൈ സ്മാരക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതി  കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുതലപ്പെടുത്തി.
Next Story

RELATED STORIES

Share it