Gulf

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്ന ചാര്‍ജ്ജ് എയര്‍ ഇന്ത്യ ഇരട്ടിയാക്കിയതില്‍ കേരളാ പ്രവാസി ഫോറം ഷാര്‍ജ അപലപിച്ചു

ഷാര്‍ജ: പ്രവാസികളുടെ മൃതദേഹം തൂക്കി വിലയിടുന്നത് നിര്‍ത്താതിരിക്കുകയും എതിര്‍പ്പുകളെ അവഗണിച്ച് ഇപ്പോള്‍ ഇരട്ടിയാക്കുകയും ചെയ്ത എയര്‍ ഇന്ത്യയുടെ നടപടി അങ്ങേയറ്റം ഖേദകരമാണ്. നമ്മുടെ അയല്‍ രാജ്യമായ പാകിസ്ഥാന്‍ അടക്കമുള്ള ഏഷ്യയിലെ പല രാജ്യങ്ങളും തികച്ചും സൗജന്യമായി മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ സര്‍ക്കാറുകള്‍ പ്രവാസികളോട് ഈ ക്രൂരത കാട്ടുന്നത് .
നാടും കുടുംബവും വിട്ട് അന്യ നാട്ടില്‍ പ്രതികൂല കാലാവസ്ഥയില്‍ അദ്ധ്വാനിച്ച് അതില്‍ നിന്ന് മിച്ചം വെച്ച് നാട്ടിലേക്ക് അയക്കുന്നതിലൂടെ വിദേശ നാണയം സ്വന്തം രാജ്യത്തിന് നേടിക്കൊടുക്കുന്ന പ്രവാസി സമൂഹത്തോട് തുടര്‍ന്ന് പോരുന്ന അവഗണനയുടെ ഏറ്റവും പുതിയ അധ്യായമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ.

മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ പ്രവാസി സമൂഹം ഇന്ത്യക്ക് ചെയ്യുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യാ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. അത് കൂടി മനസ്സിലാക്കി പിന്‍വാതിലിലൂടെ കൊണ്ട് വന്ന വര്‍ദ്ധന പിന്‍വലിക്കുകയും പ്രവാസി മൃതദേഹങ്ങള്‍ അവരോടുള്ള ആദരസൂചകമായി സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേരള പ്രവാസി ഫോറം സര്‍ക്കാറിനോടാവശ്യപ്പെട്ടു. നാട്ടിലും മറുനാട്ടിലുമുള്ള സമാനമനസ്‌കരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമരപരിപാടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും അറിയിച്ചു.
പ്രസിഡന്റ് അബൂബക്കര്‍ പോത്തന്നൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, നിയാസ് തിരൂര്‍ക്കാട് സ്വാഗതം പറഞ്ഞു നസീര്‍ ചുങ്കത്ത്, സഫറുള്ള ഖാന്‍, സഹദുല്ലാഹ് തിരൂര്‍ ,ഡോക്ടര്‍ സാജിദ് കടക്കല്‍ എന്നിവര്‍ സംസാരിച്ചു ഹാഷിം പാറക്കല്‍ നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it