Alappuzha local

മൂന്നു പതിറ്റാണ്ടിനു ശേഷം മുണ്ടുതോട്- പോളത്തുരുത്ത് രണ്ടാം കൃഷിയിലേക്ക്



ഹരിപ്പാട്: ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിരു പങ്കിടുന്ന വിയപുരം മുണ്ടുതോട്- പോളത്തുരുത്തു പാടശേഖരത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം രണ്ടാം കൃഷി ഇറക്കുന്ന സന്തോഷത്തിലാണ് പാടശേഖരസമിതിയും കര്‍ഷകരും.   പുഞ്ച സ്‌പെഷ്യല്‍ ഓഫിസില്‍ കഴിഞ്ഞ ദിവസം പമ്പിങ് ലേലം കഴിഞ്ഞതോടെ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ തന്നെ പമ്പിങ് ജോലികള്‍ക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പാടശേഖരത്തിനു ചുറ്റുമുള്ള മോട്ടര്‍തറകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ക്കാണ് തുടക്കം കുറിച്ചത്. രണ്ടു ദിവസത്തിനകം പമ്പിങ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് പാടശേഖരസമിതി.   ശക്തമായ പുറംബണ്ടുകളുടെ അഭാവവും വെള്ളപ്പൊക്കവും കാരണം കൃഷി സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നതിനാലാണ് രണ്ടാം കൃഷിയില്‍ നിന്നും കര്‍ഷകര്‍  പിന്മാറിയിരുന്നത്. ഏതാനും വര്‍ഷങ്ങളായി ശക്തമായ വെള്ളപ്പൊക്കം ഇല്ലാത്തതും, അച്ചന്‍ കോവില്‍, പമ്പാ നദികളില്‍ നിന്നും വന്‍തോതില്‍ ജലമെടുത്ത് സംസ്‌കരിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമായതിനാലും മുന്‍കാലങ്ങളിലേതു പോലെ വെള്ളപ്പൊക്കം മൂലം കൃഷിനാശം സംഭവിക്കാന്‍ ഇടയില്ല  എന്ന തിരിച്ചറിവാണ് രണ്ടാംകൃഷിയിലേക്ക് ഇവിടുത്തെ കര്‍ഷകരെ മടക്കി കൊണ്ടുവന്നത.് മാത്രമല്ല മുന്‍കാലങ്ങളില്‍ രണ്ടാംകൃഷിക്ക് സര്‍ക്കാരില്‍ നിന്നും  ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നില്ല.എന്നാല്‍ ഇത്തവണ മുതല്‍ രണ്ടാംകൃഷി ഇറക്കുന്ന കര്‍ഷകര്‍ക്ക് ഏക്കറിന് 1,900 രൂപ  സബ്‌സിഡിയും ലഭിക്കും. ഇതും കര്‍ഷകരെ കൃഷിയിലേക്ക് മടക്കികൊണ്ടുവരുന്നതിനു കാരണമായിട്ടുണ്ട്  വീയപുരംകൃഷിഭവന്‍ പരിധിയില്‍ പെടുന്ന 365 ഏക്കര്‍ വിസ്തൃതിയും 193 കര്‍ഷകരുമുള്ള ഇവിടെ 2012ല്‍  ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം മല്‍സ്യകൃഷിയും ഇറക്കിയിരുന്നു. മറ്റു പാടശേഖരങ്ങളില്‍ മല്‍സ്യകൃഷിയിലൂടെ നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തിയപ്പോള്‍ ഏറ്റവും ലാഭകരമായി ഏകദേശം 12 ലക്ഷത്തോളം രൂപ ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനും കഴിഞ്ഞിരുന്നു. ഇപ്പോള്‍ പാടശേഖരത്തിനു നടുവിലൂടെ ഫാംറോഡ് നിര്‍മാണത്തിനുള്ള ശ്രമവും പാടശേഖരസമിതിയുടെ നേതൃത്വത്തി ല്‍ നടന്നുവരികയാണ്. വര്‍ഷങ്ങള്‍ക്കുശേഷമുള്ള രണ്ടാംകൃഷിയിറക്ക് ഒരു ആഘോഷമാക്കിമാറ്റുന്നതിനുള്ള ശ്രമമണ് പാടശേഖരസമിതി ഭാരവാഹികളായ അബ്ദുല്‍ റഷീദ് കൊച്ചാലുംമൂട്ടില്‍, സൈമണ്‍ ഏബ്രഹാം കണ്ണമ്മാലില്‍, ഭാസ്‌കരന്‍ മണിയങ്കേരില്‍എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
Next Story

RELATED STORIES

Share it