മുന്താരി ഗ്രാമം കര്‍ണാടക പോലിസ് വളഞ്ഞു

അനീഷ്  ചെറുപുഴ

ചെറുപുഴ: കണ്ണൂര്‍ ജില്ലയിലെ കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ മുന്താരിയില്‍ വീണ്ടും ആയുധധാരികളായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഗ്രാമം കര്‍ണാടക നക്‌സല്‍വിരുദ്ധ സേന വളഞ്ഞു. മടിക്കേരി എസ്പി പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന പോലിസ് സംഘം രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. ഗ്രാമവാസികളെ ചോദ്യം ചെയ്തുവരുന്നു.
കഴിഞ്ഞ ദിവസം പകലാണ് തലക്കാവേരി മേഖലയിലെ കര്‍ണാടക വനത്തില്‍ നിന്ന് 50 കിലോ അരിയുമായി മുന്താരിയിലേക്ക് മാവോവാദികള്‍ എത്തിയത്. ആദിവാസികളെ ബന്ദിയാക്കി അരിയും മറ്റു ഭക്ഷ്യവസ്തുക്കളും കൈക്കലാക്കിയ 12 അംഗ സംഘം അതിവേഗം മറയുകയായിരുന്നു. ഇവരുടെ കൈവശം എകെ-47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉള്ളതായി ആദിവാസികള്‍ പോലിസിനു വിവരം നല്‍കി.
കര്‍ണാടക കൊടുംകാട്ടിനുള്ളിലെ മലയാളി ഗ്രാമമാണ് മുന്താരി. ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി മലയാളി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവിടെ നിന്ന് ദുര്‍ഘട പാതയിലൂടെ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തില്‍ എത്താനാവും. അതിനാല്‍, കേരള അതിര്‍ത്തി മേഖലയിലെ പോലിസിനു കര്‍ണാടക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് കേരള പോലിസ് പറയുന്നത്. കേരളത്തില്‍ ആദ്യമായി മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശമാണ് മുന്താരി. 2013 ഫെബ്രുവരി 12ന് മുന്താരിയില്‍ 10 മലയാളികളെ ഇവര്‍ ബന്ദികളാക്കി ഭക്ഷ്യവസ്തുക്കള്‍ കൈക്കലാക്കിയിരുന്നു.
Next Story

RELATED STORIES

Share it