malappuram local

മഴയും കാറ്റും ശക്തം; വീടുകള്‍ തകര്‍ന്നു

എടക്കര/കരുവാരക്കുണ്ട്/മങ്കട: തുടര്‍ച്ചയായി പെയ്യുന്ന മഴയിലും വീശിയടിച്ച കാറ്റിലും വ്യാപക നാശം. കടന്നമണ്ണയില്‍ മരം വീണ് വീട് തകര്‍ന്നു. കരിമ്പനകുണ്ട് കറുത്ത പുലാക്കല്‍ രഘുവിന്റെ വീടിന് മുകളിലാണ് പ്ലാവ് വീണത്. സണ്‍ഷെയ്ഡും പാരപെറ്റും ഭാഗികമായും അടുക്കള പൂര്‍ണമായും തകര്‍ന്നു. മങ്കട വില്ലേജ് ഓഫിസര്‍ ജയ സിംഹന്‍ വീട് സന്ദര്‍ശിച്ചു. വെള്ളിലയില്‍ മണ്ണിടിഞ്ഞ് കക്കൂസ് റൂം തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് കഴിഞ്ഞ ദിവസം വെള്ളില മലയില്‍ ഉമറിന്റെ വീടിനോട് ചേര്‍ന്ന ബാത്ത് റൂമും വിറകുപുരയുമാണ് തകര്‍ന്നത്. തകര്‍ന്ന സമയത്ത് അടുക്കള ഭാഗത്ത് ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ ചുമരിലേക്ക് ഒടിഞ്ഞ് തൂങ്ങിയ കുറ്റന്‍ സ്ലാബ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് നീക്കംചെയ്തത്.
കരുവാരക്കുണ്ടില്‍ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. വീട് ഭാഗികമായി തകര്‍ന്നു. കേരള എസ്‌റ്റേറ്റ് മഞ്ഞള്‍പാറ പള്ളിക്ക് സമീപത്തെ പേഴുംകുളം കദീജയുടെ വീടിനു മുകളിലാണ് അയിനിപ്ലാവും കമുകും കടപുഴകി വീണത്. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എടക്കരയില്‍ നിര്‍ധന കുടുംബത്തിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. തിരിപ്പാടം കുറത്തിയിലെ കല്‍പറമ്പില്‍ പ്രകാശിന്റെ വീടാണ് വ്യാഴാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. വീട് തകര്‍ന്നതോടെ അന്തിയുറങ്ങാന്‍ ഇടമില്ലാതെ അഞ്ചംഗ കുടുംബം ദുരിതത്തിലായി. കടുത്ത ആസ്തമാ രോഗിയായ പ്രകാശിന് ജോലിക്ക് പോവാന്‍ കഴിയില്ല. കുറത്തി അങ്കണവാടിയില്‍ ഹെല്‍പ്പറുടെ താല്‍ക്കാലിക ഒഴിവില്‍ ജോലി ചെയ്യുന്ന ഭാര്യ സിന്ധുവിന്റെ തുച്ഛമായ വരുമാനംകൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.
പ്ലസ്ടു വിനും പ്ലസ് വണ്ണിനും, എട്ടാം തരത്തിലും പഠിക്കുന്ന മൂന്ന് കുട്ടികളുടെ പഠനച്ചിലവും കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങളും സിന്ധുവിന്റെ വരുമാനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. രണ്ടാഴ്ച മുന്‍പ് കനത്ത മഴയില്‍ വീട് തകര്‍ന്നിരുന്നു. വീട് തകര്‍ന്ന സമയത്ത് അകത്തുണ്ടായിരുന്ന മകന്‍ രാഹുല്‍ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ടാര്‍പായ കൊണ്ട് മൂടിയാണ് ഈ കുടുംബം വീടിനുള്ളില്‍ കോരിച്ചൊരിയുന്ന മഴയില്‍ ഭീതിയോടെ കഴിഞ്ഞിരുന്നത്. ഇന്നലെ മേല്‍ക്കൂരയും തകര്‍ന്നതോടെ കുടുംബം പെരുവഴിയിലായി.
Next Story

RELATED STORIES

Share it