Idukki local

മഴയിലും കാറ്റിലും ജില്ലയില്‍ കനത്ത നാശനഷ്ടം; റോഡുകള്‍ തകര്‍ന്നു

ഇടുക്കി: കാലവര്‍ഷം ശക്തമായി തുടരുന്നതിനിടെ ശക്തമായ കാറ്റിലും കനത്ത മഴയിലും ജില്ലയുടെ വിവിധ മേഖലകളില്‍ നാശനഷ്ടം. ഹൈറേഞ്ചിലാണ് കൂടുതല്‍ നാശനഷ്ടം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പാമ്പാടുംപാറ ദേവഗിരി കല്ലോലപ്പറമ്പില്‍ സജുവിന്റെ പുരയിടത്തിലെ തിട്ട ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് വീടിന്റെ വര്‍ക്കേരിയ മണ്ണിനടിയിലായി.  ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിയോടെയാണ് അപകടം. ആനവിലാസം വില്ലേജില്‍ കന്നിക്കല്‍ വീട്ടില്‍ ചെല്ലയ്യ, പുല്ലാട്ട് ദിവാകരന്‍ എന്നിവരുടെ വീടുകളുടെ ഷീറ്റുകള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് ഷീറ്റുകള്‍ പറന്നുപോയി. ആര്‍ക്കും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. കരിമണ്ണൂര്‍ നെയ്യശ്ശേരിയില്‍ ശക്തമായ കാറ്റില്‍ മരം വീണ് വീടിനു നാശം സംഭവിച്ചു.
പെരുമ്പാട്ട് പി എന്‍ റെജിയുടെ വീടിനു മുകളിലേക്കാണ് മരം വീണത്. ചാറ്റുപാറ ലക്ഷംവീട് കോളനിയില്‍ കുന്നത്ത് ബിനോയിയുടെ വീടിന്റെ മുകളിക്ക് മണ്‍തിട്ട ഇടിഞ്ഞു വീണു. അടുക്കളഭാഗത്തെ ഷീറ്റ് പൂര്‍ണമായും മണ്ണിടിച്ചിലില്‍ തകര്‍ന്നു. രാജകുമാരി മഞ്ഞക്കുഴി കാവുംകുടിയില്‍ വര്‍ഗീസിന്റെയും, പാറപ്പുറത്ത് മുരളിയുടെ വീടിന്റെയും മേല്‍ക്കൂരകള്‍ തകര്‍ന്നു. പലയിടങ്ങളിലായി വ്യാപകമായി കൃഷിനാശവും ഉണ്ടായി. കാലവര്‍ഷ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങളും വര്‍ദ്ധിക്കുകയാണ്.
രാജകുമാരി ഗ്രാമപ്പഞ്ചായത്തില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണ് കൃഷികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായി. രാജകുമാരി മഞ്ഞക്കുഴി കാവുംകുടിയില്‍ വര്‍ഗീസിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ശക്തമായ കാറ്റില്‍ ആസ്പറ്റോസ് ഷീറ്റ് ഉപയോഗിച്ച് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്.
ഷീറ്റുകള്‍ തകര്‍ന്നു വീണ് അടുക്കള ഉപകരണങ്ങളും ടിവി, ടേബിള്‍, കട്ടില്‍, കസേരകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ നശിച്ചു. മൂന്ന് മുറികളിലെ മേച്ചിലുകള്‍ പൂര്‍ണമായും തകര്‍ന്നു ശേഷിക്കുന്ന മുറികളുടെ മേച്ചില്‍ഷീറ്റുകള്‍ പൊട്ടി നില്‍ക്കുകയാണ്. ഇതിനാല്‍ വീടിന്റെ മുഴുവന്‍ മേല്‍ക്കൂരയും മാറ്റണം. അപകടം നടക്കുമ്പോള്‍ വര്‍ഗീസും ഭാര്യയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
രാജകുമാരി അവണക്കുംച്ചാല്‍ പാലത്തിന് സമീപം പാറപ്പുറത്ത് മുരളിയുടെ വീടിന്റെ അടുക്കളയുടെ മേല്‍ക്കൂര തകര്‍ന്നു. ഏലം, കുരുമുളക് കൃഷിക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. രാജകുമാരി ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡില്‍ വന്‍മരങ്ങള്‍ ഒടിഞ്ഞ് വീണ് വിളവെടുപ്പിന് പാകമായ ഒരേക്കര്‍ ഏലത്തോട്ടം നശിച്ചു. മഞ്ഞക്കുഴി വടക്കുംമറ്റത്തില്‍ ബാബുവിന്റെ ഏലത്തോട്ടമാണ് നശിച്ചത്.
Next Story

RELATED STORIES

Share it