wayanad local

മഴക്കാലപൂര്‍വ രോഗ നിയന്ത്രണം;ഡ്രൈഡേ ആചരിക്കും



കല്‍പ്പറ്റ: മഴക്കാലപൂര്‍വ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി എഡിഎം കെ എം രാജുവിന്റെ അധ്യക്ഷതയില്‍ വകുപ്പുതല മേധാവികളുടെ യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ കൂട്ടായ്മ ആവശ്യമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണ ക്യാംപുകളിലും എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ പങ്കാളിത്തം വേണമെന്നും എഡിഎം പറഞ്ഞു. 28ന് ജില്ലയില്‍  ഡ്രൈഡേയായി ആചരിക്കും. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, വയറിളക്കം, എച്ച്1എന്‍1 എന്നിവ പടരുന്നതു തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിവേക് കുമാറും ഡോ. കെ എസ് അജയനും വിശദീകരിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്താനാണ് തീരുമാനം. ഇതിനായി ഒരു പ്രത്യേക ടീമിനെ ജില്ലയില്‍ നിയോഗിച്ചിട്ടുമുണ്ട്.മഞ്ഞപ്പിത്ത രോഗലക്ഷണം ഗൗരവത്തോടെ കാണണമെന്നും പച്ചമരുന്ന് ചികില്‍സകള്‍ തേടുന്നതിനു മുമ്പ് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം. ജില്ലയില്‍ എച്ച്1എന്‍1 രോഗികള്‍ പെരുകുന്നത് ആശങ്കാജനകമാണ്. പ്ലാസ്റ്റിക് കാരി ബാഗുകളുടെ വില്‍പന നിയന്ത്രിക്കുക, ഉറവിടമാലിന്യ നിര്‍മാര്‍ജനം നടപ്പാക്കുക, കൊതുക്- കൂത്താടി നിര്‍മാര്‍ജനം, എലി നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. വീടുകളിലും സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ആഴ്ചയിലൊരുക്കല്‍ ഡ്രൈഡേ ആചരിക്കണം. കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുക, തൊഴിലുറപ്പിന് പോവുന്ന തൊഴിലാളികള്‍ എലിപ്പനിക്കെതിരായ പ്രതിരോധമരുന്നുകളും രോഗങ്ങള്‍ക്കെതിരായ മുന്‍കരുതലുകളുമെടുക്കണമെന്ന് യോഗം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികള്‍  പ്രതിരോധിക്കുന്നതിന് ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിച്ചു. ജില്ലാ മാസ്മീഡിയ ഓഫിസര്‍ കെ പി സാദിഖ് അലി, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it