kannur local

മലയോരത്ത് വെള്ളപ്പൊക്കം

ചെറുപുഴ: കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലയില്‍ വെള്ളപ്പൊക്കം. നിരവധി വീടുകളില്‍ വെള്ളംകയറി. കോലുവള്ളി കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. കാണിക്കാരന്‍ ശ്രീധരന്‍, കാണിക്കാരന്‍ കാര്‍ത്തിയാനി എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പല വീടുകളും അപകട ഭീഷണിയിലാണ്. മിക്ക റോഡുകളിലും ഗതാഗതം നിലച്ചു. ചെറുപുഴ-പുളിങ്ങോം റൂട്ടിലെ കന്നിക്കളത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ഏണിച്ചാല്‍ പാലം വെള്ളത്തില്‍ മുങ്ങിയതോടെ പാലാവയല്‍ നല്ലോപ്പുഴ റോഡിലെ ഗതാഗതം പൂര്‍ണമായി നിലച്ചു. കൊല്ലാട് കാക്കഞ്ചേരി റൂട്ടില്‍ വെള്ളം കയറിനെ തുടര്‍ന്ന് മേഖലയിലേക്കുള്ള വാഹനഗതാഗതം നിലച്ചു. കൊല്ലാട് വൈസ്‌മെന്‍സ് ക്ലബ്ബിന്റെ കെട്ടിടത്തില്‍ വെള്ളംകയറി. കൃഷിയിടത്തിലെ വെള്ളരി വ്യാപകമായി നശിച്ചു. ആരിയിരുത്തി-മുനയം മുന്നുപാലം വെള്ളത്തില്‍ മുങ്ങി നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ആറാട്ടുകടവ് ആദിവാസി കോളനി ഒറ്റപ്പെട്ട നിലയിലാണ്. ചെറുപുഴ പുഴയും കാര്യങ്കോട് പുഴയുംകരകവിഞ്ഞതോടെ മലയോരമേഖലയിലെ ഏക്കറുകണക്കിന് കൃഷിയിടം വെള്ളത്തിനടിയിലായി. അതേസമയം, ദുരിതം മുന്‍കൂട്ടി കാണുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി വിമര്‍ശനമുണ്ട്. മലയോരത്തെ പുഴകള്‍ കരകവിഞ്ഞതോടെ റോഡുകളില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും നിലച്ചതിനാല്‍ സ്‌കുളുകളിലേക്ക് കുട്ടികളെ വളരെ പാടുപെട്ടാണ് എത്തിച്ചത്. എന്നാല്‍ വളരെ വൈകി സ്‌കൂളിന് ഉച്ചയ്ക്കു ശേഷം അവധി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ അവധി പ്രഖ്യാപിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി. വെള്ളം ഉയരാന്‍ തുങ്ങിയതോടെ റോഡിലെ വെള്ളക്കെട്ടിലിലുടെ തോണിയിലാണ് കുട്ടികളെ വീട്ടിലും മറ്റും എത്തിച്ചത്. റവന്യൂ, പഞ്ചായത്ത് ഏകീകരണം ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. എന്നാല്‍ ചെറുപുഴ പോലിസ് രാത്രി ഉറക്കമില്ലാതെ രക്ഷാപ്രവര്‍ത്തനില്‍ ഏര്‍പ്പെടുകയും വിവരങ്ങള്‍ അധികാരികളെ ധരിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളക്കെട്ടുള്ള റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനവും പോലിസ് ഒരുക്കിയിരുന്നു.
Next Story

RELATED STORIES

Share it