മലയാളത്തെ ലോകസാഹിത്യം ശ്രദ്ധിക്കുന്ന കാലം വരും: എം മുകുന്ദന്‍

തൃശൂര്‍: മലയാളത്തില്‍ ലോകനിലവാരമുള്ള കൃതികള്‍ ഉണ്ടാവുന്നുണ്ടെന്നും അവയെ ലോകസാഹിത്യം ശ്രദ്ധിക്കുന്ന കാലം വരുമെന്നും എം മുകുന്ദന്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളം ചെറിയ ഭാഷയാണെന്ന അപകര്‍ഷതയ്ക്കു പ്രസക്തിയില്ല. ചെറിയ ഭാഷകളില്‍ എഴുതപ്പെടുന്ന സാഹിത്യമാണ് ആഗോളതലത്തില്‍ ഏറെ അംഗീകാരങ്ങള്‍ നേടുന്നത്. ഫ്രഞ്ച് സാഹിത്യവും അമേരിക്കന്‍ സാഹിത്യവും സര്‍ഗാത്മകമായ വരള്‍ച്ച നേരിടുകയാണ്. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യം ഏറെ സമൃദ്ധി കൈവരിച്ചിരിക്കുന്നു. ജീവിതയാഥാര്‍ഥ്യങ്ങളിലേക്കു തിരിച്ചുവരുന്ന കാഴ്ചയാണ് മലയാള സാഹിത്യത്തില്‍ സജീവമായി കാണുന്നത്. മലയാളഭാഷയില്‍ ഉണ്ടാവുന്ന കഥകളും നോവലുകളുമെല്ലാം സാര്‍വദേശീയതലത്തില്‍ വായിക്കപ്പെടണമെന്നാണ് നമ്മുടെയെല്ലാം സ്വപ്‌നം. അതിനു പരിഭാഷകളിലൂടെ മലയാളസാഹിത്യത്തെ മറ്റു ഭാഷകളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആധുനിക വേഷഭൂഷകള്‍ അണിഞ്ഞാലും മലയാളിയുടെ മനസ്സ് 19ാം നൂറ്റാണ്ടിലേതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു.
സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇയ്യങ്കോട് ശ്രീധരന്‍ ഏറ്റുവാങ്ങി. സാവിത്രി രാജീവന്‍, ടി ഡി രാമകൃഷ്ണന്‍, എസ് ഹരീഷ്, ഡോ. സാംകുട്ടി പട്ടംകരി, എസ് സുധീഷ്, ഫാ. വി പി ജോസഫ് വലിയവീട്ടില്‍, ഡോ. ചന്തവിള മുരളി, ഡോ. ഹരികൃഷ്ണന്‍, സി എം രാജന്‍, കെ ടി ബാബുരാജ് എന്നിവര്‍ അക്കാദമി പുരസ്‌കാരം ഏറ്റുവാങ്ങി. ഡോ. പി എ അബൂബക്കര്‍, രവി മേനോന്‍, ഡോ. കെ പി ശ്രീദേവി, ആര്യാ ഗോപി, രശ്മി ബിനോയ്, സുനില്‍ ഉപാസന, സിസ്റ്റര്‍ അനു ഡേവിഡ് എന്നിവര്‍ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കഥാ-കവിതാ മല്‍സര വിജയികളായ ജവഹര്‍ നാരായണന്‍ എസ്, കൃഷ്ണകുമാര്‍ കെ, മാര്‍ഗരറ്റ് സി ആര്‍, നീതു സി സുബ്രഹ്മണ്യന്‍, സൗമ്യ പി ആര്‍, ഫാസില സലീം എന്നിവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
Next Story

RELATED STORIES

Share it