Alappuzha local

മലയാളത്തനിമ നിലനിര്‍ത്തി മറുനാടന്‍ മലയാളിയുടെ കവിതകളും ഗാനങ്ങളും



മാന്നാര്‍: മറുനാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും പിറന്ന നാടിനെ ഓര്‍മിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ കവിതയും ഗാനങ്ങളുമാക്കി മാറ്റുകയാണ് മുംബയില്‍ സ്ഥിരതാമസമാക്കിയ സതീശ്വരിയമ്മ. കഴിഞ്ഞ 25 വര്‍ഷമായി ഭര്‍ത്താവിനും മകനുമൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. മാന്നാര്‍ കുരട്ടിക്കാട് മണലില്‍ത്തറയില്‍ ശിവസദനത്തില്‍ എം സി നാണുവിന്റെ മകളാണ് സതീശ്വരിയമ്മ. പരുമല പമ്പാ കോളജില്‍ പഠിക്കുമ്പോള്‍ കോളജ് മാഗസിനില്‍ ചെറിയ കവിതകളും മറ്റും എഴുതിയാണ് ഈ രംഗത്തേക്ക് തുടക്കം കുറിച്ചത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് പി എസ് വേലായുധനൊപ്പം മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ ഒഴിവ് കിട്ടുന്ന അവസരങ്ങളില്‍ എഴുതിത്തുടങ്ങി. തുടക്കത്തില്‍ തൃക്കുരട്ടി മഹാദേവരെ കുറിച്ചുള്ള ഗീതങ്ങളാണ് രചിച്ചത്. ഇപ്പോള്‍ 103 ഗീതങ്ങള്‍ ഇതിനോടകം രചിച്ചു കഴിഞ്ഞു. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട 50 ഗീതങ്ങള്‍ ഹൃദയാക്ഷരം എന്ന പേരില്‍ പുസ്തകമാക്കി പുറത്തിറക്കി. ഇവ ചിട്ടപ്പെടുത്തി പാടിച്ച് സിഡിയിലാക്കി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഭക്തി ഗാനങ്ങളല്ലാതെ നിരവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. മാന്നാറിന്റെ മതമൈത്രിയും പ്രകൃതി ഭംഗിയും വര്‍ണിക്കുന്ന കവിത ഇതിനോടകം ഫോസ്ബുക്കിലൂടെയും യൂടൂബിലൂടെയും ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. പ്രണയം എന്ന് പേരില്‍ എഴുതിയ പത്തോളം ഗാനങ്ങള്‍ ആല്‍ബമാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഗായകന്‍ പന്തളം പ്രകാശന്‍ ഇതില്‍ കുറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പ്രസിദ്ധീകരിക്കാന്‍ കഴിയാത്തവ ഇവര്‍ നവമാധ്യങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഇവ നവ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യന്നുണ്ട്. മുംബൈയില്‍ എന്‍ജിനീറിങ് വിദ്യാര്‍ഥിയായ ഏക മകന്‍ സ്വപ്‌നേഷും ഭര്‍ത്താവ് പി എസ് വേലായുധനും എല്ലാ വിധ പ്രോല്‍സാഹനങ്ങളുമായി ഒപ്പമുണ്ടെന്ന് സതീശ്വരിയമ്മ പറയുന്നു.
Next Story

RELATED STORIES

Share it