Kottayam Local

മനോരോഗി കുരിശടികളും എടിഎം കൗണ്ടറും എറിഞ്ഞു തകര്‍ത്തു

വാഴൂര്‍: മൂന്നു കുരിശടികള്‍ക്കും ഒരു എടിഎം കൗണ്ടറിനും വീടിനു നേരെയും മനോരോഗി രോഗിയുടെ അക്രമണം.  കെകെ റോഡില്‍ നെടുമാവ് മുതല്‍ പുളിക്കല്‍ കവല വരെയുള്ള ഭാഗത്തെ കുരിശടികളും പുളിക്കല്‍കവലയിലുള്ള എടിഎം കൗണ്ടറുമാണു ഇയാള്‍ കല്ലെറിഞ്ഞും കമ്പു കൊണ്ട് അടിച്ചും തകര്‍ത്തത്. നാട്ടുകാര്‍ ഇയാളെ പിടികൂടി പള്ളിക്കത്തോട് പോലിസില്‍ ഏല്‍പ്പിച്ചു.
നെടുമാവ് മലങ്കര കത്തോലിക്ക പള്ളിയുടെ കുരിശടി, പുളിക്കല്‍കവലയിലുള്ള നെടുമാവ് വലിയ പള്ളിയായ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കുരിശടി, സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ കുരിശടി, ഫെഡറല്‍ ബാങ്കിന്റെ എടിഎം, സമീപത്തുള്ള ഒരു വീടിന്റെ രണ്ടു ജനല്‍ ചില്ലുകള്‍ എന്നിവയാണു ഇയാള്‍ തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ 2.30 മുതല്‍ 3.30വരെയുള്ള സമയത്താണു അക്രമങ്ങള്‍ സംഭവങ്ങള്‍ അരങ്ങേറിയത്.
കെകെ റോഡില്‍ നെടുമാവ് മുതല്‍ പുളിക്കല്‍കവല വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കുരിശടികള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയും പാമ്പാടി തോംസണ്‍ സ്റ്റുഡിയോയിലെ വിഡിയോഗ്രാഫറുമായ വിനോദ് ഇ കുര്യാക്കോസിന്റെ നേതൃത്വത്തിലാണു മാനസിക രോഗിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.
ബന്ധുവായ ഒരാള്‍ മരണപ്പെട്ട വിവരം ഫോണിലുടെ മറ്റു ബന്ധുക്കളെ വിനോദ് വിളിച്ചറിയിക്കുമ്പോഴാണു വലിയ ശബ്ദത്തോടെ കുരിശടിയുടെ ചില്ലുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ടത്.
ഉടന്‍ തന്നെ വിനോദ് റോഡിലേക്കു ഇറങ്ങി നോക്കിയപ്പോള്‍ ഇയാള്‍ നെടുമാവ് വലിയ പള്ളിയുടെ കുരിശടി തകര്‍ക്കുന്നതാണ് കണ്ടത്. വിനോദിനെ കണ്ടതോടെ ഇയാള്‍ കല്ലെടുത്തു വിനോദിനു നേരെ എറിഞ്ഞു. കല്ലു ദേഹത്തു കൊള്ളാതെ ഒഴിഞ്ഞു മാറിയ വിനോദ് ഉടന്‍ തന്നെ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കൈയിലിരുന്ന കമ്പ് ഉപയോഗിച്ചു ഇയാള്‍ വിനോദ് ആക്രമിച്ചു.
ഇവര്‍ തമ്മിലുണ്ടായ മല്‍പ്പിടുത്തത്തിന്റെ ശബ്ദം കേട്ടു നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്നു എല്ലാവരും ചേര്‍ന്നു മാനസിക രോഗിയെ പിടിച്ചു കെട്ടി പോലിസിനു കൈമാറുകയായിരുന്നു. അതേസമയം കുരിശടികള്‍ക്കും എടിഎം കൗണ്ടറിനു വീടിനും നേരെ മാത്രമല്ല മറിച്ചു നിരവധി സ്ഥാപനങ്ങള്‍ക്കു നേരെ ഇയാളുടെ ആക്രമണമുണ്ടായിട്ടുണ്ടെന്നു  പള്ളിക്കത്തോട് പോലിസ് പറഞ്ഞു. പോലിസ് ചോദ്യം ചെയ്തിട്ടും ഇയാള്‍ ഒന്നും സംസാരിക്കാന്‍ തയ്യാറായില്ല. ഇദ്ദേഹത്തെ ചികില്‍സയ്ക്കും സംരക്ഷണത്തിനുമായി പള്ളിക്കത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ് ഭവനിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it