മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി

കൊച്ചി: ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നടക്കുന്ന തൊഴില്‍സമരം ഒത്തുതീര്‍ക്കുന്നതിനായി അനുഭവസമ്പന്നനായ ഒരു മധ്യസ്ഥനെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ്. മധ്യസ്ഥത സംബന്ധിച്ച് സര്‍ക്കാരിനു വേണ്ടി തൊഴില്‍വകുപ്പ് സെക്രട്ടറിയും സമരം നടത്തുന്ന യുഎന്‍എ പ്രതിനിധികളായ ജാസ്മിന്‍ ഷാ, ജിജി ജേക്കബ്, ബിന്ദുമോള്‍ എന്നിവരും പരാതിക്കാരായ കെ വിഎം ആശുപത്രിയിലെ ജീവനക്കാരും ഫെബ്രുവരി 19ന് ആലപ്പുഴയില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിങില്‍ നേരിട്ട് ഹാജരാവണമെന്ന് പി മോഹനദാസ് നിര്‍ദേശിച്ചു.
മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 13ാം വകുപ്പുപ്രകാരം ഇരുകക്ഷികളെയും കേട്ടശേഷം സിവില്‍ നടപടിക്രമത്തിലെ 89ാം വകുപ്പുപ്രകാരമുള്ള മധ്യസ്ഥതയ്ക്കു വിടാന്‍ കമ്മീഷന് അധികാരമുണ്ട്. പ്രസ്തുത ചട്ടപ്രകാരമാണു മധ്യസ്ഥതയ്ക്ക് കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. സിറ്റിങില്‍ ബന്ധപ്പെട്ടവര്‍ റിപോര്‍ട്ട് ഫയല്‍ ചെയ്യണം. ഫെബ്രുവരി 19 വരെ നിര്‍ധനരായ രോഗികള്‍ക്ക് ചികില്‍സയ്ക്ക് തടസ്സമുണ്ടാവാതിരിക്കാന്‍ സമരക്കാര്‍ ശ്രദ്ധിക്കുന്നത് അഭികാമ്യമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
കെവിഎം ആശുപത്രിയിലെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണു നടപടി. നേരത്തേ തൊഴിലാളിനേതാക്കള്‍ ആശുപത്രിയിലെ തര്‍ക്കം സംബന്ധിച്ചു നല്‍കിയ പരാതി ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് കമ്മീഷന്‍ കൈമാറിയിരുന്നു.

Next Story

RELATED STORIES

Share it