മധു കോഡയ്ക്ക് മൂന്നുവര്‍ഷം തടവ്‌

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത എന്നിവരെ പ്രത്യേക കോടതി മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. കോഡ 25 ലക്ഷവും ഗുപ്ത ഒരുലക്ഷവും പിഴയടയ്ക്കണം. കേസില്‍ പ്രതികളായ ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ കെ ബസു, കോഡയുടെ ഉറ്റകൂട്ടാളി വിജയ് ജോഷി എന്നിവരെയും മൂന്നുകൊല്ലത്തെ തടവിനു ശിക്ഷിച്ചു. ജാര്‍ഖണ്ഡിലെ രാജ്ഹര നോര്‍ത്ത് കല്‍ക്കരിപ്പാടം കൊല്‍ക്കത്തയിലെ സ്വകാര്യ കമ്പനിയായ വിനി അയേണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡി(വിഐഎസ്)ന് അനുവദിച്ചതില്‍ അഴിമതിയും ക്രിമിനല്‍ ഗൂഢാലോചനയും നടത്തി എന്നാണ് ഇവര്‍ക്കെതിരായ സിബിഐ കേസ്. സ്വകാര്യ കമ്പനി 50 ലക്ഷം രൂപ പിഴയടയ്ക്കണം. പ്രത്യേക ജഡ്ജി ഭരത് പരാശര്‍ ആണു ശിക്ഷവിധിച്ചത്. വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനു ശിക്ഷിക്കപ്പെട്ടവര്‍ക്ക് രണ്ടുമാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്.സ്വകാര്യ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരും ഉരുക്കുമന്ത്രാലയവും ശുപാര്‍ശ ചെയ്തിരുന്നില്ല. 36ാമത് സ്‌ക്രീനിങ് കമ്മിറ്റിയാണ് ശുപാര്‍ശ സമര്‍പ്പിച്ചതെന്നും സിബിഐ ആരോപിക്കുന്നു. സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഗുപ്ത, കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതലകൂടി വഹിച്ചിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങില്‍ നിന്ന് വസ്തുതകള്‍ മറച്ചുവച്ചെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it