മണിപ്പൂരിലും ഉത്തരാഖണ്ഡിലും 16 മരണം

ഇംഫാല്‍/ഡെറാഡൂണ്‍: മണിപ്പൂരിലും ഉത്തരാഖണ്ഡിലുമായി മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചു. മണിപ്പൂരിലെ തമങ്‌ലോങ് പട്ടണത്തില്‍ മൂന്നിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒമ്പതുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയിട്ടില്ല. പരിക്കേറ്റവരെ തമങ്‌ലോങ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അറിയിച്ചു. സുരക്ഷാസൈനികരും നാട്ടുകാരും യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ ഏഴുപേര്‍ മരിച്ചു. ഡെറാഡൂണിലെ ശാസ്ത്രി നഗറില്‍ പാര്‍പ്പിടകേന്ദ്രത്തിന് മുകളില്‍ പാറക്കഷണങ്ങള്‍ വീണ് സ്ത്രീയും ബാലനുമടക്കം നാലുപേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ചാര്‍ബ ഗ്രാമത്തില്‍ ഷീത്‌ല നദിയില്‍ ഒരാള്‍ മുങ്ങിമരിച്ചു. റിസ്പാന നദിയില്‍ മുങ്ങി മറ്റ് രണ്ടുപേരും മരിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രാമഗംഗ നദിയില്‍ ജലവിതാനം ഉയര്‍ന്നതിനെ തുടര്‍ന്ന് താല്‍ മേഖലയിലെ സരസ്വതി ശിശുമന്ദിറില്‍ നിന്ന് നൂറോളം കുട്ടികളെ മാറ്റി.
Next Story

RELATED STORIES

Share it