മണപ്പുറത്തെ ഒരു ദലിത് വഴിപ്രശ്‌നം

അവകാശങ്ങള്‍ നിഷേധങ്ങള്‍ - ബി എസ് ബാബുരാജ്

''ഇന്ന് മീന്‍ കിട്ടിയില്ലേ?'' ''ഇല്ല, വള്ളക്കാരടുത്തില്ല.'' ''എവിടേക്കാ?'' ''കവലയിലേക്ക്...''
നടക്കുന്നതിനിടയില്‍ വീട്ടുകാരോട് കുശലം പറഞ്ഞ് യാത്രികന്‍ പോകുന്നു. പിന്നെ അടുത്തയാള്‍, അതിനടുത്തയാള്‍. 25 കൊല്ലം മുമ്പുവരെയും ചാവക്കാടിനും കൊടുങ്ങല്ലൂരിനുമിടയില്‍ മണപ്പുറത്തെ പ്രാദേശിക ജീവിതത്തിന്റെ മാതൃകകളിലൊന്നാണ് ഇത്. അക്കാലത്ത് ഇവിടെ വേലികളില്ലായിരുന്നു. നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പ്. അവയ്ക്കിടയില്‍ ചെറുതും വലുതുമായ ഓലപ്പുരകള്‍. അങ്ങേ വീട്ടിലെ സലാമും അശോകനും യശോധരയും വടക്കേലെയും പടിഞ്ഞാറെയിലും അടുക്കളപ്പുറത്തു കൂടിയാണ് റോഡ് പിടിക്കുക.
എഴുപതുകളില്‍ ചിലര്‍ 'പേര്‍ഷ്യക്കാരാ'യി. റോത്മാന്‍സ് സിഗരറ്റും ഉടുത്താല്‍ ഉറയ്ക്കാത്ത ലുങ്കിയും സീക്കോ വാച്ചുമായി വന്ന ഗള്‍ഫുകാരെ ഇന്നും ഓര്‍ക്കുന്നു. അധികം താമസിയാതെ ഓലപ്പുരകള്‍ വാര്‍ക്കവീടായി. അത് അന്തസ്സിന്റെയും പ്രതീകമായിരുന്നു. അന്തസ്സ് സ്വകാര്യതയുടെ അകമ്പടിയോടെയാണ് വന്നത്. അടുക്കളപ്പുറത്ത് അന്യന്റെ സാന്നിധ്യം ആരും ഇഷ്ടപ്പെട്ടില്ല. പറമ്പുകള്‍ വേലിക്കുള്ളിലായി.
വേലി കെട്ടിയവര്‍ 'ആഭ്യന്തരയുദ്ധ'ത്തിന് വഴിതുറക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നില്ല. ഓരോ വേലികെട്ടും ഓരോ യുദ്ധമായിരുന്നു. അതുവരെ വഴിനടന്നവര്‍ വെട്ടുകത്തിയുമായി നിരന്നുനിന്നു. ചിലര്‍ കോടതി കയറി. യുദ്ധത്തില്‍ ചിലര്‍ പരാജയപ്പെട്ടു. ചിലര്‍ വിജയിച്ചു. വലിയ നഷ്ടം ദലിതര്‍ക്കായിരുന്നു. അവരുടെ യാത്ര അയല്‍ക്കാരന്റെ കാരുണ്യത്തിലായി. ദലിത് പ്രശ്‌നം വഴിപ്രശ്‌നമായാണ് പ്രത്യക്ഷപ്പെട്ടത്.
ഇതു പഴയ കഥ. പുതിയ കഥയും വഴിപ്രശ്‌നമാണ്. ഇതാ സാംപിള്‍: കൊടുങ്ങല്ലൂര്‍ താലൂക്കില്‍ എസ്എല്‍ പുരം പഞ്ചായത്തില്‍ സാമാന്യം ഭേദപ്പെട്ട ഒരു ദലിത് കുടുംബങ്ങളിലൊന്നാണ് വെളുത്തപുരയ്ക്കല്‍ ദാസന്റേത്. അധ്വാനിയായ ദാസന്‍ കഠിനമായി പണിയെടുത്തു. നല്ലൊരു വീടും സ്വന്തമാക്കി. വീടിനെയും വഴിയെയും പരസ്പരം മറയ്ക്കാന്‍ മുന്‍ഭാഗത്ത് ഒരു വേലി കെട്ടി. സ്വകാര്യത ആരും ഇഷ്ടപ്പെടും. ദാസന്റെ പറമ്പിലൂടെ അയല്‍ക്കാരില്‍ ചിലര്‍ വഴിനടക്കാറുണ്ട്. നടക്കാന്‍ അവര്‍ക്ക് വേറെ വഴിയില്ലാഞ്ഞിട്ടല്ല. ഇതാണ് എളുപ്പം. അതില്‍ ദാസനും എതിര്‍പ്പില്ല. എന്നു മാത്രമല്ല, നടവഴി തടസ്സപ്പെടുത്താത്ത രീതിയിലാണ് വേലി കെട്ടിയതും.
അതിനിടയില്‍ പ്രളയം വന്നു. മലവെള്ളപ്പാച്ചിലില്‍ വേലി നിലംപരിശായി. സ്വാഭാവികമായും വെള്ളമിറങ്ങിയപ്പോള്‍ ദാസന്‍ വേലി പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. അതു പക്ഷേ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ദാസന്‍ നടവഴി തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അവര്‍ ദാസനെതിരേ തിരിഞ്ഞു. ചിലര്‍ ജാതി പറഞ്ഞ് കളിയാക്കി. ചിലര്‍ മാരകായുധം കൊണ്ട് നേരിട്ടു. ആക്രമണത്തില്‍ ദാസന്റെ തലയ്ക്കു പരിക്കു പറ്റി. കരച്ചില്‍ കേട്ടെത്തിയ ഭാര്യയെയും വിട്ടില്ല. അവരുടെ കാല്‍ തല്ലിയൊടിച്ചു.
മാസ് പെറ്റീഷനായിരുന്നു അടുത്ത നീക്കം. ഇതൊക്കെ നടക്കുമ്പോഴും സിപിഐ അനുഭാവിയായ ദാസന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. അയല്‍ക്കാരെ പിണക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടിരിക്കില്ല. സമുദായ സംഘടനയോട് പറയാനായിരുന്നു ഉപദേശം. അങ്ങനെയാണ് ദലിത് സമുദായ-മനുഷ്യാവകാശ സംഘടനകള്‍ ഇടപെടുന്നത്. അവര്‍ പ്രകടനവും പൊതുയോഗവും നടത്തി. അന്വേഷണ കമ്മീഷനെയും ഏര്‍പ്പെടുത്തി.
പ്രശ്‌നത്തില്‍ ആദ്യം മുതലേ ഇടപെട്ട കേരള സ്‌റ്റേറ്റ് വേട്ടുവ മഹാസഭ കൊടുങ്ങല്ലൂര്‍ താലൂക്ക് സെക്രട്ടറി സജീവന്റെ അഭിപ്രായത്തില്‍ ദലിതനായ ദാസന്റെ ചുറ്റും താമസിക്കുന്നവര്‍ ഈഴവ-മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരാണ്. കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ദാസന്‍ കൈവരിച്ച നേട്ടത്തോട് അസൂയയുള്ള അവര്‍ തരം കിട്ടിയപ്പോള്‍ ആക്രമിച്ചതാണ്. മറ്റുള്ളവരുടെ വഴി തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു നീക്കവും ദാസന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്ന റിയാസും പറയുന്നു. ദാസന്‍ വാങ്ങിയ 19 സെന്റ് ഭൂമിയുടെ ആധാരത്തില്‍ മൂന്നടി വഴിയില്ല എന്നു മാത്രമല്ല, തൊട്ടടുത്ത പടിഞ്ഞാറുവശത്തുള്ള പറമ്പിലും മൂന്നടി വഴിയില്ല.
വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിക്കുന്നുണ്ടെങ്കിലും കേസ് അന്വേഷണത്തിനു വന്ന പോലിസുകാര്‍ നില്‍ക്കുമ്പോള്‍ തന്നെ ഇരുചക്ര വാഹനങ്ങള്‍ അതുവഴി പോയിരുന്നതായി ദാസന്റെ സുഹൃത്തുക്കള്‍ പറയുന്നു. പരാതിയില്‍ ഒപ്പുവച്ചവരില്‍ പലരും കാര്യം അറിഞ്ഞല്ല പ്രതികരിച്ചതെന്ന് റിയാസും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി എ കുട്ടപ്പനും പറയുന്നുണ്ട്. പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമവും മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായി.
പുതിയ കാലത്ത് ജാതി വ്യത്യസ്തമായ തലത്തിലാണ് ജനങ്ങള്‍ക്കു മുകളില്‍ ഇടപെടുന്നത്. സാമ്പത്തികമായും സാമൂഹികമായും സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലേക്ക് ഉയര്‍ന്നുവരുന്ന ദലിത് സമുദായാംഗങ്ങളോടുള്ള വിവേചനം അതിലൊന്നാണ്. ഇപ്പോള്‍ ദാസനു നേരെ വന്നിരിക്കുന്നതും അതുതന്നെയാണ്. ി ി
Next Story

RELATED STORIES

Share it