Pathanamthitta local

ഭക്ഷ്യസുരക്ഷാ വിഭാഗത്തിനെതിരേയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

ശബരിമല: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടിക്രമങ്ങള്‍ മൂലം ശബരിമല തീര്‍ഥാടനം തടസ്സപ്പെട്ടു എന്നതരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണര്‍ അറിയിച്ചു. കര്‍ശന പരിശോധനയിലൂടെ മനുഷ്യന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ സന്നിധാനത്തും പമ്പയിലും തടയുന്നതില്‍ വകുപ്പ് വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സന്നിധാനത്തും പമ്പയിലും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അപ്പം, അരവണ എന്നിവയ്ക്ക് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും പരിശോധനക്ക് വിധേയമാക്കുകയും ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് അവ കടത്തി വിടുകയുമുള്ളു. അടുത്ത നാളില്‍ നടത്തിയ ഏലാക്കായുടെ പരിശോധനയില്‍ കൃത്രിമ  കളറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് ഉപയോഗിക്കരുതെന്ന് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാജ്യാന്തര നിലവാരമുള്ള ചീഫ് ഗവണ്‍മെന്റ അനലിസ്റ്റ് ലബോറട്ടിയുടെ പരിശോധനാ ഫലത്തിലും ഏലക്കാ ഉപയോഗിക്കരുത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ആറു മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ഗുരുതര ക്രിമിനല്‍ കുറ്റമാണ്. ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇടയിലാണ് വകുപ്പിനെതിരെ അടിസ്ഥാന ഹരഹിതവും ബാലിശവുമായ വാര്‍ത്തകള്‍ പ്രചരിച്ചത്.എല്ലാ പരിശോധകളുടെയും റിപ്പോര്‍ട്ടുകള്‍ അപ്പപ്പോള്‍ തന്നെ സര്‍ക്കാരിനെയും ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ കമ്മീഷണറെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറെയും അറിയിക്കുന്നുണ്ട്. എന്നാല്‍ പമ്പയിലെ പ്രസാദങ്ങളായ മോദകവും അവിലും ഉദ്യോഗസ്ഥര്‍ ഭക്തര്‍ക്ക് അസൗകര്യമുണ്ടാക്കുംവിധം എടുത്തു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളും വാസ്തവ വിരുദ്ധമാണ്. നാളിതുവരെയുള്ള പരിശോധനാ ഫലങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷറേറ്റില്‍ ആര്‍ക്കും ലഭ്യമാണ്. കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വനം,ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it