ബ്രൂവറി അനുമതി റദ്ദാക്കിയ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്‍കിയ വിവാദ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നവ കേരള നിര്‍മാണത്തിനായി ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ ഗുണകരമല്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കുമെന്നും അതിനാല്‍ ബ്രൂവറിക്ക് നല്‍കിയ അനുമതി പിന്‍വലിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.
ബ്രൂവറികള്‍ക്കും ബോട്ട്—ലിങ് കോംപൗണ്ടിങ് ആന്റ് ബ്ലെന്‍ഡിങ് യൂനിറ്റുകള്‍ക്കും അനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്ന സമിതി ഈ മാസം 31നകം റിപോര്‍ട്ട് നല്‍കണം. മദ്യ ഉല്‍പാദനശാലകള്‍ ആരംഭിക്കാനുള്ള അനുമതിയില്‍ വ്യാപക അഴിമതിയും ക്രമക്കേടും നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് വിവാദത്തിന് തിരികൊളുത്തിയത്. ചട്ടവിരുദ്ധമായും പരിശോധനയും മന്ത്രിസഭാ തീരുമാനവും ഇല്ലാതെയുമാണ് അനുമതിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
എന്നാല്‍, നടപടി പൂര്‍ണമായി ശരിയാണെങ്കിലും എല്ലാവരും ഒരുമിച്ചുനിന്നു കേരളത്തെ പുനര്‍നിര്‍മിക്കേണ്ട ഘട്ടത്തില്‍ പരസ്പരം പോരടിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. പുതിയ യൂനിറ്റുകള്‍ അനുവദിക്കാനുള്ള നിലപാട് തുടരും. ഒന്നിച്ചുനില്‍ക്കേണ്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ആശയക്കുഴപ്പം പാടില്ല. അതുകൊണ്ട് റദ്ദാക്കുന്നു. പ്രതിപക്ഷ ആരോപണം ശരിവയ്ക്കലല്ല, നാടിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ചെറിയ വിട്ടുവീഴ്ചയാണിതെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, പുതുതായി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു കള്ളക്കളി മാത്രമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് അനുമതി നല്‍കിയതെങ്കിലും വിവാദങ്ങളുണ്ടാക്കി യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമം നടന്നതിനാലാണ് അനുമതി റദ്ദാക്കുന്നതെന്നാണ് വിചിത്രമായ ഉത്തരവില്‍ പറയുന്നത്. നിയമാനുസൃതം നല്‍കിയ അനുമതി റദ്ദാക്കുന്നതിന് വിവാദം ഒരു കാരണമായി പറയുന്നത് നിയമപരമായി സാധുവല്ലാത്ത കാര്യമാണ്. അതിനാല്‍ തന്നെ കോടതിയില്‍ ഈ ഉത്തരവ് നിലനില്‍ക്കില്ല. അനുമതി റദ്ദാക്കപ്പെട്ട ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ഉടമകള്‍ക്ക് പുഷ്പം പോലെ ഈ ഉത്തരവ് കോടതി വഴി റദ്ദാക്കിയെടുക്കാന്‍ കഴിയും. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും അതു തന്നെയാണ്. തല്‍ക്കാലം ബ്രൂവറി അഴിമതിയില്‍ നിന്നു മുഖം രക്ഷിക്കാനും പിന്നീട് കോടതി വഴി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി പുനസ്ഥാപിച്ചു നല്‍കാനുമുള്ള വളഞ്ഞ ബുദ്ധിയാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്. കോടതി ഈ ഉത്തരവ് റദ്ദാക്കുമ്പോള്‍ കോടതി പറയുന്നതിനാല്‍ കൊടുക്കുന്നു എന്നു പറഞ്ഞു രക്ഷപ്പെടാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. വിവാദം ഉണ്ടായതിനാല്‍ നല്‍കിയ അനുമതി റദ്ദാക്കുന്നു എന്ന് ഉത്തരവില്‍ എഴുതി വയ്ക്കുന്നത് ഭരണഘടനാപരമല്ലെന്നു മാത്രമല്ല യുക്തിരഹിതവും പരിഹാസ്യവുമാണ്. അഴിമതിയിലൂടെ കൈമറിഞ്ഞ കോടികള്‍ തിരിച്ചുകൊടുക്കാതിരിക്കുന്നതിനുള്ള കുടില ബുദ്ധിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമാണെന്നു റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത് ബ്രൂവറിക്കാര്‍ക്കും ഡിസ്റ്റിലറിക്കാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും. ഈ ഒത്തുകളി അനുവദിക്കാന്‍ പോവുന്നില്ലെന്നു ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it