ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുപോര്; ബിജെപിയിലും ഭിന്നത

എ എം ഷമീര്‍ അഹ്്മദ്

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെ എംബിബിഎസ് പ്രവേശനം നടത്തിയ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളെ സഹായിക്കാനായി വിദ്യാര്‍ഥികളുടെ കണ്ണീര്‍ മുന്‍നിര്‍ത്തി സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്നൊരുക്കിയ തന്ത്രങ്ങള്‍ക്കാണ് സുപ്രിംകോടതി വിധി തിരിച്ചടിയായത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ നടന്ന നിയമവിരുദ്ധമായ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ഓര്‍ഡിനന്‍സിന്റെ സാധുത സുപ്രിംകോടതി ഇന്നലെ പരിഗണിക്കാനിരിക്കെയാണ് ഇതില്‍ ചെറിയ ഭേദഗതികളോടെയുള്ള ബില്ല് ബുധനാഴ്ച തിടുക്കത്തില്‍ നിയമസഭ പാസാക്കിയത്.
സ്വാശ്രയ കോളജ് ശക്തിക ള്‍ക്കനുകൂലമായ നിലപാടിനു പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടാെണന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അരങ്ങേറിയത്. യുഡിഎഫ് അംഗങ്ങള്‍ക്കു പുറമേ ബിജെപി അംഗവും അനുകൂലിച്ചതോടെ ബില്ല് ഐകകണ്‌ഠ്യേന സഭയില്‍ പാസായി. കോണ്‍ഗ്രസ്സിലെ വി ടി ബല്‍റാം മാത്രമാണ് ബില്ലിനെതിരേ സംസാരിച്ചത്. എന്നാല്‍, പ്രതിപക്ഷ നേതാവ് തന്നെ ഉടനെ ഇടപെട്ട് ബല്‍റാമിനെ തിരുത്തി.
കോടതിവിധി വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായതും പ്രതിപക്ഷമാണ്. നാണക്കേട് പ്രതിപക്ഷം ചോദിച്ചുവാങ്ങിയെന്നാണ് വി എം സുധീരന്‍ കോടതിവിധിയോട് പ്രതികരിച്ചത്. സുപ്രിംകോടതി വിധി സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടിയാണെന്നും പ്രതിപക്ഷത്തിന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. താനായിരുന്നു കെപിസിസി പ്രസിഡന്റ് എങ്കില്‍ ഈ ബില്ലിനെ അനുകൂലിക്കുന്ന സ്ഥിതി ഉണ്ടാവുമായിരുന്നില്ലെന്നും സുധീരന്‍ പറഞ്ഞുവച്ചു.
വിദ്യാഭ്യാസ കച്ചവടക്കാരുടെ കൊള്ളയ്ക്ക് കൂട്ടുനിന്നത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാനെന്ന പേരു പറഞ്ഞ് നടത്തിയ അടിയന്തര നിയമനിര്‍മാണം മാനേജ്‌മെന്റുകള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്യുന്നതാണെന്നും ഡീന്‍ പറഞ്ഞു. കോഴ വാങ്ങിയ മാനേജ്‌മെന്റുകളെ സഹായിച്ച പ്രതിപക്ഷ നടപടി ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.
വിഷയത്തില്‍ ബിജെപിയിലും ഭിന്നത രൂക്ഷമാണ്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരനെതിരേ വി മുരളീധരന്‍ എംപി രംഗത്തുവന്നു. മെഡിക്കല്‍ ഓര്‍ഡിനന്‍സിനെ അനുകൂലിച്ച കുമ്മനത്തിന്റെ നടപടി കേന്ദ്രത്തിന്റെ നിലപാടിനു വിരുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കുട്ടികളുടെ ഭാവിയെ കരുതി അഴിമതിക്ക് കുടപിടിക്കുന്നത് ബിജെപി നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it