kannur local

ബിജെപിക്കെതിരേ ഒന്നിക്കാന്‍ പൊതുവേദി വേണം: ബിനോയ് വിശ്വം

കണ്ണൂര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ നിയോഗിക്കപ്പെട്ട കാലമാണിതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന പതാകജാഥയ്ക്ക് നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു ജാഥാലീഡറായ അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേച്ചി പഠാവോ എന്ന മുദ്രാവാക്യം കാപട്യമാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യാതൊരു സുരക്ഷിതവുമില്ലാത്ത സ്ഥിതിയാണ്.
ജമ്മുകാശ്മീരിലെ എട്ടുവയസ്സുകാരിയെ മുസ്ലീം മത വിശ്വാസിയായതിന്റെ പേരിലാണ് അതിക്രൂരമായ ബലാല്‍സംഘത്തിന് വിധേയമാക്കി കൊലപ്പെടുത്തിയത്. യുപിയില്‍ 18 കാരിയായ ദളിത് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചത് ബി ജെപി എംഎല്‍എയാണ്.
പരാതിയുമായി രംഗത്തെത്തിയ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുകയും ചെയ്തു.  ബിജെപിയെയും ആര്‍എസ്എസിനെയും തൂത്തെറിയാന്‍ ഇത്തരം കൂട്ടായ്മ അനിവാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കരിവെള്ളൂരില്‍ വച്ച് കണ്ണൂരിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.
ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍, ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി പി മുരളി, സംസ്ഥാന കൗണ്‍സില്‍ അംഗം സി പി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരിവെള്ളൂരില്‍ നടന്ന സ്വീകരണപൊതുയോഗത്തില്‍ കെ വി ബാബു അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it