ബറൂച്ചില്‍ പട്ടേലിനെതിരേ ബിജെപിക്ക് പട്ടേല്‍

ബറൂച്ച്: അഹമ്മദ് പട്ടേലിന്റെ നാടായ ബറൂച്ചിലെ അഞ്ചു മണ്ഡലങ്ങളിലും ബിജെപി—ക്കു ജയിച്ചേ പറ്റൂ. അതുകൊണ്ടു തന്നെ ജില്ലയിലെ രണ്ടര ലക്ഷത്തോളം വരുന്ന മുസ്്‌ലിം വോട്ടര്‍മാരെ കൂടെ നിര്‍ത്താനാണു ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമം. 13 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 4.36 ലക്ഷം പേര്‍ ആദിവാസി വിഭാഗങ്ങളാണ്. 1.27 ലക്ഷം വരുന്ന കോലി പട്ടേലരാണു മൂന്നാമതൊരു വിഭാഗം. 80,000 മറ്റ് ഒബിസി വിഭാഗങ്ങളുമുണ്ട്. 2012ലെ തിരഞ്ഞെടുപ്പില്‍ 55.44 ശതമാനം വോട്ട് വാങ്ങി ബിജെപി തന്നെയാണ് ഭൂരിഭാഗവും ജയിച്ചത്. 36.34 ശതമാനം വോട്ടായിരുന്നു കോണ്‍ഗ്രസ്സിന്. ഇത്തവണ മുസ്്‌ലിം വോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസ് കൈയടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുസ്്‌ലിംകളെ അനുനയിപ്പിക്കാനാണു ബിജെപി ശ്രമം. കോലി പട്ടേലരുടെ പിന്തുണ കൈവിട്ടു പോവാതിരിക്കാന്‍ മുസ്‌ലിംകള്‍ക്കു പരസ്യവാഗ്ദാനങ്ങളൊന്നുമില്ലെന്നു മാത്രം. ദുഷ്യന്ത്് പട്ടേലാണു ബിജെപി—ക്കു വേണ്ടി ബറൂച്ച് മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയേഷ് പട്ടേല്‍. ബറൂച്ച് ജില്ലയില്‍ 20 വര്‍ഷത്തിലധികമായി ബിജെപിക്ക് തന്നെയാണ് ആധിപത്യം. ജില്ലയിലെ അഞ്ചില്‍ നാലു മണ്ഡലങ്ങളിലും ബിജെപിയാണ് ജയിക്കാറ്. റിലയന്‍സ്, ഒഎന്‍ജിസി, ടൊറന്റ്, പെട്രോനെറ്റ്, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്, ജിഎസിഎല്‍, ജിഎന്‍എഫ്‌സി, സണ്‍ ഫാര്‍മ, സെയ്ഡൂസ്, കാഡില, ലുപിന്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ക്ക്  1,60,0 00 കോടിയുടെ നിക്ഷേപമുണ്ട്. ജില്ലയിലെ ബറൂച്ച്, ജംബൂസര്‍, വാഗ്ര, ആന്‍ഗലേശ്വര്‍ എന്നീ മണ്ഡലങ്ങള്‍ ബിജെപിയുടേതാണ്. ജഗാഡിയ ജനതാദള്‍ യുനൈറ്റഡിന്റെ ചോട്ടു വാസവയുടെ സീറ്റാണ്. കോണ്‍ഗ്രസ് വാസവയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ചോട്ടുവിന്റെ വലംകൈയായിരുന്ന റാവ്ജി വാസവയെ നിര്‍ത്തിയാണു മണ്ഡലം പിടിക്കാന്‍ ഇത്തവണ ബിജെപി തയ്യാറെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നദിയായ നര്‍മദ ജില്ലയിലൂടെ ഒഴുകുന്നുണ്ടെങ്കിലും കുടിവെള്ളമാണു ജില്ലയിലെ പൊതുവായ പ്രശ്‌നം. പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കുടിവെള്ളത്തെക്കുറിച്ചാണു സംസാരിക്കുന്നത്. യുവാക്കളുടെയും ആദിവാസികളുടെയും തൊഴിലില്ലായ്മയാണു പ്രധാന തിരഞ്ഞെടുപ്പു വിഷയമായി ബിജെപിയുടെ എതിരാളികള്‍ ഉയര്‍ത്തുന്നത്. വാഗ്‌റയില്‍ വരുന്ന പെട്രോളിയം കെമിക്കല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് റീജ്യന് കോണ്‍ഗ്രസ് എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. വന്‍തോതില്‍ കര്‍ഷകരുടെ ഭൂമി കവരുന്നതാണു പദ്ധതിയെന്ന്് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it