ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്ര; ഹരജി സുപ്രിംകോടതിയുടെ പരിഗണനയില്‍:മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ച് കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസിന്റെയും വനംവകുപ്പിന്റെയും മേല്‍നോട്ടത്തില്‍ കോണ്‍വോയ് ആയി വാഹനങ്ങള്‍ കടത്തിവിടുക, നിലവിലുള്ള പാത വികസിപ്പിച്ച് പകല്‍ സമയത്ത് കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടുക, തൂണുകളില്‍ പിടിപ്പിക്കുന്ന രീതിയില്‍ ഇരട്ടവരിപ്പാത പണിയുക, വന്യജീവികള്‍ക്ക് ഉപദ്രവമുണ്ടാവാത്ത വിധം വാഹനമോടിക്കുന്നതിന് പരിശീലനം നല്‍കുക, ഇക്കാര്യം പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയമിക്കുക എന്നീ ആവശ്യങ്ങളാണു സംസ്ഥാനം സുപ്രിംകോടതിയില്‍ ഉന്നയിച്ചതെന്നും സി കെ ശശീന്ദ്രന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സുപ്രിംകോടതി ജനുവരി 10നു പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം,  കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി അധ്യക്ഷനായ കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളുടെ പ്രതിനിധികളും നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ പ്രതിനിധിയും ഉള്‍പ്പെട്ട ഉന്നതതല സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ കമ്മിറ്റി മൂന്നു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഈ കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത് ഉത്തരവായിട്ടുണ്ട്. അതോടൊപ്പം അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന നിലയില്‍ കര്‍ണാടകയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യാനും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി തലത്തിലും ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടത്തും.നിര്‍ദിഷ്ട നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈനിന്റെ പുതിയ അലൈന്‍മെന്റ് തയ്യാറാക്കുന്ന കാര്യം സംയുക്തമായി പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it