wayanad local

ഫിഡെ റേറ്റഡ് കുട്ടിത്താരങ്ങള്‍; ജില്ലയില്‍ നിന്ന് എട്ടുപേര്‍

കല്‍പറ്റ:  രാജാവും റാണിയും മന്ത്രിയും തേരുകളും ആനകളും  കുതിരകളും കാലാളുകളും കളംവാഴുന്ന  ചെസ് കളിയില്‍ വയനാടിന്റെ വാഗ്ദാനങ്ങളായി കുട്ടിത്താരങ്ങള്‍. 16 വയസില്‍ ചുവടെ പ്രായമുള്ള എട്ട് ഫിഡെ റേറ്റഡ് താരങ്ങളാണ് ജില്ലയില്‍. ലോക ചെസ് ഫെഡറേഷന്റെ അംഗീകാരത്തോടെ ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മല്‍സരങ്ങളില്‍ വമ്പന്മാരെ മലര്‍ത്തിയടിച്ചാണ് വയനാടിന്റെ കുട്ടികള്‍ നേട്ടം കൈവരിച്ചത്.
വി എസ് ആനന്ദ്‌രാജ്, സിദ്ധര്‍ഥ് കെ പ്രസാദ്, അശ്വിന്‍ കൃഷ്ണ, അര്‍ജുന്‍ ബിജു, വി എസ് അഭിനവ് രാജ്, എം എസ് അശ്വിന്‍ ദേവ്, ഹരിപ്രിയ രാജ്, എം എസ് ആബേല്‍ എന്നിവരാണ് വയനാട്ടില്‍ ഫിഡെ റേറ്റിങ് നേടിയ കുട്ടികള്‍. പുല്‍പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ പൂതാടി പഞ്ചായത്ത് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കുമായ ചൂതുപാറ വട്ടക്കാവില്‍ വി ആര്‍ സന്തോഷിനു  കീഴില്‍ 2016 മുതല്‍ നടത്തുന്ന പരിശീലനമാണ് ഈ കുട്ടികളെ ഫിഡെ റേറ്റഡ് ചെസ് താരങ്ങളാക്കിയത്. സമീപജില്ലയായ നീലഗിരി അയ്യന്‍കൊല്ലിയിലെ  വി പി ആര്യയും സന്തോഷിന്റെ ശിക്ഷണത്തില്‍ ഫിഡെറേറ്റിംഗ് നേടിയ താരമാണ്. ഒമ്പത് വയസുള്ള അഭിനവ്‌രാജാണ് ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരം. പരിശീലകന്‍ സന്തോഷ്-ഷിജി ദമ്പതികളുടെ  രണ്ട് മക്കളില്‍ ഇളയതാണ്  അഭിനവ്. 1233 ആണ് കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ഈ ബാലന്റെ ഫിഡെ റേറ്റിംഗ് പോയിന്റ്. അണ്ടര്‍ 18 വയനാട് ജില്ലാ ചാംപ്യനായ അഭിനവ് കഴിഞ്ഞ ഏപ്രിലില്‍ ഗോവയില്‍ നടന്ന മത്സരത്തിലാണ്  ഫിഡേറേറ്റിങിനു ഉടമയായത്. അഭിനവിന്റെ സഹോദരനാണ് മറ്റൊരു ഫിഡെ റേറ്റഡ് താരമായ ആനന്ദ്‌രാജ്. കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ 12 കാരന്‍. സംസ്ഥാന സ്‌കൂള്‍ ടീം ചെസ് ചാംപ്യനായ ആനന്ദ്‌രാജ് കഴിഞ്ഞ മെയില്‍ വാറംഗലില്‍ നടന്ന അന്തര്‍ദേശീയ മല്‍സരത്തിലാണ് 1080 പോയിന്റുമായി ഫിഡെ റേറ്റിംങ് നേടിയത്. ചൂതുപാറ പേരാശേരിയില്‍ ബാബുരാജ്-ദിവ്യ ദമ്പതികളുടെ മകളാണ് 1063 ഫിഡെ റേറ്റിങ് പോയിന്റുള്ള ഹരിപ്രിയ രാജ്. കോളേരി ഗവ. സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ 13കാരി.
തൃശൂരില്‍ ഏപ്രിലില്‍ നടന്ന ദേശീയ മല്‍സരത്തിലാണ് ഫിഡെ റേറ്റിങ് കരസ്ഥമാക്കിയത്. സംസ്ഥാന സ്‌കൂള്‍  ഗേള്‍സ് ചെസ് ചാംപ്യനാണ് ഹരിപ്രിയ. ദേശീയ സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്താണ്. കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അശ്വിന്‍ കൃഷ്ണ ചൂതുപാറ കൊന്നയ്ക്കല്‍ ബിജു-കല്‍പന ദമ്പതികളുടെ മകനാണ്. 1071 ആണ് ഈ 13കാരന്റെ റേറ്റിങ് പോയിന്റ്   ്.ഏപ്രിലില്‍ തൃശൂരില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലാണ് ഫിഡെ റേറ്റഡ് താരമായത്. മീനങ്ങാടി ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ്  വിദ്യാര്‍ഥിയാണ് 11 വയസുള്ള എം എസ് ആബേല്‍. മീനങ്ങാടി മാമ്പിയില്‍ ഷിബു-ഷീബ  ദമ്പതികളുടെ മകനാണ്. കഴിഞ്ഞ മാസം കോഴിക്കോട് നനടന്ന മല്‍സരത്തിലാണ് 1123 പോയിന്റോടെ ഫിഡെ റേറ്റിങ് നേടിയത്. കോഴിക്കോട് നടന്ന മലബാര്‍ സോണല്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ 12 വയസില്‍ താഴെയുളള്ളവരുടെ വിഭാഗത്തില്‍ ചാംപ്യനായിരുന്നു. സുല്‍ത്താന്‍ബത്തേരി ഭവന്‍സ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് 12കാരനായ അര്‍ജുന്‍ ബിജു. സുല്‍ത്താന്‍ ബത്തേരി പായിക്കാട്ട് ബിജു-തുഷാര ദമ്പതികളുടെ മകനാണ്. 1163  ആണ് ഫിഡെ റേറ്റിംഗ് പോയിന്റ്. ഓള്‍ കേരള സഹോദയ സ്‌കൂള്‍ ചാംപ്യനാണ്. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അശ്വിന്‍ദേവ്. കല്‍പ്പറ്റ മാന്‍കുത്തേല്‍ ശശീന്ദ്രന്‍-ലിജ ദമ്പതികളുടെ മകനാണ്. അടുത്തിടെ കോഴിക്കോട് നടന്ന മത്സരത്തിലാണ് ഫിഡെ റേറ്റിങ് ലഭിച്ചത്. 1026 ആണ് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ച അശ്വിന്‍ ദേവിന്റെ റേറ്റിംഗ് പോയിന്റ്. കല്‍പ്പറ്റ കണികുടിയില്‍ ജയപ്രസാദ്-നിഷ ദമ്പതികളുടെ മകനാണ് കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന 16കാരനായ സിദ്ധാര്‍ഥ് കെ പ്രസാദ്. കോഴിക്കോട് നടന്ന മല്‍സരത്തിലാണ് ഫിഡെ റേറ്റിംഗ് ലഭിച്ചത്. പോയിന്റ്: 1139. അയ്യന്‍കൊല്ലി വാല്‍പറമ്പില്‍ വി കെ പവിത്രന്‍-ബിന്ദു ദമ്പതികളുടെ മകളാണ് ആര്യ. നീലഗിരി അമ്പലവയല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഗോവയില്‍ നടന്ന മത്സരത്തിലാണ് 1008 പോയിന്റോടെ ഫിഡെറേറ്റിങ് ലഭിച്ചത്. സുല്‍ത്താന്‍ ബത്തേരി ഡയറ്റിലും മീനങ്ങാടി ചൂതുപാറയിലുമായി നല്‍കുന്ന ശിക്ഷണമാണ്  ഇത്രയും കുട്ടികള്‍ക്ക് ഫിഡെ റേറ്റിംഗ് നേടാന്‍ സഹായകമായതെന്ന് പരിശീലകന്‍ സന്തോഷ് പറഞ്ഞു.
Next Story

RELATED STORIES

Share it