പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനാവാതെ അധികൃതര്‍ മടങ്ങി

കൊച്ചി/കളമശ്ശേരി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ കിടപ്പാടം ബാങ്ക് വായ്പയുടെ പേരില്‍ ഒഴിപ്പിക്കാനുള്ള പോലിസ് ശ്രമങ്ങള്‍ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ പോലിസിന്റെ സഹായത്തോടെ അഭിഭാഷക കമ്മീഷനും ആര്‍ഡിഒയും ജപ്തി നടപടികള്‍ക്കായി എത്തിയെങ്കിലും മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു.
പോലിസ് നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് സ്ത്രീ ഉള്‍പ്പെടെ നാലുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ സര്‍ഫാസി വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകയായ കാക്കനാട് സ്വദേശി അമ്മിണി (51)യുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈക്കോടതി ഉത്തരവുമായി രാവിലെ തന്നെ അഭിഭാഷക കമ്മീഷനും ആര്‍ഡിഒയും പോലിസ് സംരക്ഷണയില്‍ പ്രീത ഷാജിയുടെ വീട്ടിലെത്തി. എന്നാല്‍ പോലിസിനെ വീടിന്റെ പരിസരത്തേക്ക് അടുപ്പിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും വഴിയില്‍ നിലയുറപ്പിച്ചതോടെ പോലിസ് ബലംപ്രയോഗിച്ചു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സമരക്കാരില്‍ അഞ്ച് പേര്‍ വീടിനു മുമ്പിലെ റോഡിലേക്കിറങ്ങി ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചു. ഉടന്‍ തന്നെ സമീപത്ത് നിലയുറപ്പിച്ചിരുന്ന അഗ്‌നിരക്ഷാ സേന ഈ ശ്രമം പരാജയപ്പെടുത്തി. മൂന്നുതവണ ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇതോടെ പോലിസ് കൂടുതല്‍ പ്രതിരോധത്തിലായി.
ഷാജിയും പ്രീത ഷാജിയും മകന്‍ അഖിലും ഭാര്യ അനുവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വീടിനകത്തും നിലയുറപ്പിച്ചതോടെ പോലിസ് ബലംപ്രയോഗിച്ചുള്ള ജപ്തി നടപടികള്‍ വേണ്ടായെന്ന് തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ പോലിസ് മടങ്ങുകയാണ് എന്ന വിവരം ലഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ റോഡില്‍ നിന്ന് പിന്‍മാറിയത്. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് ആര്‍ഡിഒ എസ് ഷാജഹാന്‍ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സമരക്കാരായ സര്‍ഫാസികളായ 50 ഓളം പേര്‍ക്കെതിരേ പോലിസ് കേസ് എടുത്തു.
Next Story

RELATED STORIES

Share it