പ്രശ്‌നം പരിഹരിച്ചെന്ന കര്‍ദിനാളിന്റെ നിലപാടിനെതിരേ വൈദികര്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാക്കി അതിരൂപതയിലെ ഒരു വിഭാഗ വൈദികരും അല്‍മായ സംഘടനയായ ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എഎംടി)യും രംഗത്ത്.
കര്‍ദിനാളിന്റെ നിലപാടിനെതിരേ വൈദികര്‍ കെസിബിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ഭൂമി ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്ത് നിന്നും മാറണമെന്നാവശ്യപ്പെട്ട്  അതിരൂപതയിലെ  ഒരു വിഭാഗം വൈദികരും വിശ്വാസികളും ശക്തമായ നിലപാടെടുത്തു.
അതോടെ അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം വത്തിക്കന്‍ നേരിട്ട് ഇടപെടുമെന്നും മാര്‍പാപ്പ രൂപീകരിച്ച കര്‍ദിനാള്‍ മാരുടെ സമിതിയായ സി-ഒമ്പത്(കാര്‍ഡിനല്‍-9) സിറോ മലബാര്‍ സ്ഥിരം സിനഡിനും കെസിബിസിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഈസ്റ്ററിനു മുമ്പായി പ്രശ്‌നം പരിഹരിക്കുന്നതിനായി നടത്തിയ വിവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്‌ന പരിഹാരത്തിന് തുടക്കമായെന്നും എന്നാല്‍, പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്നും വൈദിക സമിതി അറിയിക്കുകയും ചെയ്തിരുന്നു.
ഓശാന ഞായറാഴ്ച കു ര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിച്ചെന്നും പ്രശ്‌നം പരിഹരിച്ചുവെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസംഗിച്ചിരുന്നു.
കര്‍ദിനാളിന്റെ നിലപാട് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കര്‍ദിനാളിനെതിരേ നിലകൊള്ളുന്ന വൈദിക സമൂഹവും എഎംടി നേതാക്കളും പറയുന്നത്. പണത്തിന്റെ മാത്രമല്ല വിശ്വാസ വഞ്ചനയുടെ പ്രശ്‌നമാണിത് വലിയ നോമ്പിന്റെ പ്രധാന ദിവസങ്ങളായതിനാലായിരുന്നു പരസ്യമായി തങ്ങള്‍ രംഗത്തുവരാതിരുന്നതെന്നും ഇവര്‍ പറയുന്നു.  പ്രശ്‌നം പരിഹരിച്ചെന്ന് കര്‍ദിനാള്‍ പ്രസംഗിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. ഇതേ തുടര്‍ന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കെസിബിസി നേതൃത്വത്തിന് പരാതി നല്‍കിയത്.
കാര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ തന്നെ വൈദികര്‍  യോഗം ചേരും. നിലപാടില്‍ നിന്നും പിന്നാക്കം പോവേണ്ടതില്ലെന്നാണ് വൈദികരുടെ പൊതുവികാരം. എന്നാല്‍, യോഗത്തിനുശേഷമായിരിക്കും വിഷയത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനമുണ്ടാവുക.  അതിനിടയില്‍ കര്‍ദിനാളിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ എഎംടി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it