Flash News

പ്രതികളെ സഹായിച്ച് എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: 2007ലെ മക്കാമസ്ജിദ് സ്‌ഫോടനക്കേസില്‍ സംഘപരിവാര പ്രവര്‍ത്തകരായ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ദേശീയ അേന്വഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതി വിധി കൂടുതല്‍ ദുരൂഹമാവുന്നു. കേസില്‍ എന്‍ഐഎ—ക്ക് വേണ്ടി ഹാജരായ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഹരിനാഥ് എന്ന അഭിഭാഷകന്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നതാണ് എന്‍ഐഎയുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യുന്നതിലേക്ക് എത്തിച്ചത്.
കേസില്‍ പ്രതികളുടെ കുറ്റം തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതില്‍ പബ്ലിക് പ്രോസിക്യൂട്ടറും എന്‍ഐഎയും പരാജയപ്പെട്ടുവെന്നായിരുന്നു അസിമാനന്ദയടക്കമുള്ള ആര്‍എസ്എസുകാരെ വെറുതെവിട്ടുകൊണ്ട് ജഡ്ജി വ്യക്തമാക്കിയത്. കേസില്‍ എന്‍ഐഎ സംഘപരിവാരപ്രവര്‍ത്തകരായ പ്രതികള്‍ക്ക് അനുകൂലമായി നിലപാടെടുത്തതില്‍ അസംതൃപ്തനായ ജഡ്ജി വിധി പറഞ്ഞതിനു പിന്നാലെ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. കേസ് ദുര്‍ബലപ്പെടുത്തുന്നതിനു വേണ്ടി എന്‍ഐഎ മനപ്പൂര്‍വം ഹരിനാഥിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.
മക്കാമസ്ജിദ് സ്‌ഫോടനക്കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയ 2015ലാണു ഹരിനാഥിനെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചത്. 2011മുതല്‍ എന്‍ഐഎക്കു വേണ്ടി രാമറാവു എന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രോസിക്യൂട്ടറായി ഉണ്ടായിരിക്കെയാണ് ഹരിനാഥിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിയായിരുന്ന സമയത്ത് താന്‍ എബിവിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ഹരിനാഥ്, താന്‍ ഒരിക്കലും ബിജെപിയുമായി സഹകരിച്ചിട്ടില്ലെന്നും അവകാശപ്പെടുന്നുണ്ട്. ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപി നടത്തുന്ന പരിപാടികള്‍ക്ക് സംഭാവന നല്‍കാറുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മക്കാമസ്ജിദ് കേസ് ദുര്‍ബലമാക്കാന്‍ തനിക്ക് ഒരുവിധ സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും ഹരിനാഥ് പറഞ്ഞു. 1994 മുതല്‍ ക്രിമിനല്‍ കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന താന്‍, 2011 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറാണെന്നും ഹരിനാഥ് അവകാശപ്പെട്ടു. അതേസമയം, ആര്‍എസ്എസുകാരനായ  ഹരിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഇതുവരെ തയ്യാറായിട്ടില്ല.
വേണ്ടത്ര പരിചയമില്ലാത്ത ഹരിനാഥിനെ പോലെ ഒരാളെ മക്കാമസ്ജിദ് സ്‌ഫോടനക്കേസ് പോലെ സുപ്രധാനമായ ഒരു കേസ് വാദിക്കാനായി നിയോഗിച്ചതിനു മറുപടി പറയേണ്ടത് എന്‍ഐഎയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ഉജ്വല്‍ നിഗം പറഞ്ഞു. ക്രിമിനല്‍ വിചാരണകളില്‍ വേണ്ടത്ര പരിചയമില്ലാത്ത ഹരിനാഥിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറാക്കിയ എന്‍ഐഎയുടെ നടപടി അമ്പരപ്പിക്കുന്നതാണെന്ന് വിവിധ കേസുകളില്‍ സര്‍ക്കാരുകള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാവുന്ന അമരേന്ദ്ര ശരണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it