Editorial

പോപുലര്‍ ഫ്രണ്ട് നിരോധനം പകപോക്കല്‍ നടപടി

ഒരു ദശകത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. നിയമപരമായി നോട്ടീസ് നല്‍കാതെ, ഫെബ്രുവരി 20ന് ഒരു പത്രക്കുറിപ്പിലൂടെയാണ് സംഘടനയുടെ പ്രവര്‍ത്തനം നിരോധിക്കുന്നുവെന്ന് അറിയിച്ചത്. തികച്ചും മുന്‍വിധിയോടെയുള്ള പകപോക്കല്‍ നടപടി മാത്രമാണിത് എന്നതാണ് വസ്തുത.
ദുര്‍ബല-പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജനാധിപത്യപരവും നിയമപരവുമായ പ്രവര്‍ത്തനമാണ് കാലങ്ങളായി പോപുലര്‍ ഫ്രണ്ട് നിര്‍വഹിച്ചുപോരുന്നത്. നിരോധനത്തിന് അടിസ്ഥാനമായി ജാര്‍ഖണ്ഡ് സംസ്ഥാനവുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു കാരണവും ചൂണ്ടിക്കാണിക്കാനില്ല. ദക്ഷിണേന്ത്യയില്‍ ചില പ്രവര്‍ത്തകര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്.
ഇന്ത്യയില്‍ നിന്നും ഐഎസിലേക്ക് യുവാക്കള്‍ പുറപ്പെട്ടുപോയെന്നും ചിലര്‍ കൊല്ലപ്പെട്ടുവെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടയ്ക്ക് വെളിപ്പെടുത്താറുണ്ട്. ഐഎസിനെതിരേ വളരെ കൃത്യമായ നിലപാടുള്ള സംഘടനയാണ് പോപുലര്‍ ഫ്രണ്ട്.
ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം ആരംഭിച്ചു മൂന്നു വര്‍ഷമാവുന്നതേയുള്ളൂ. വനസമ്പത്ത് കുത്തകകള്‍ക്കു കൈമാറുന്നതിനും വന്‍കിടക്കാര്‍ക്ക് ഖനികള്‍ സ്വന്തമാക്കുന്നതിനും വേണ്ടി ആദിവാസികള്‍ക്കും സാധാരണക്കാര്‍ക്കുമെതിരേ നിഷ്ഠുരമായ അതിക്രമം നടക്കുന്ന പ്രദേശമാണത്. അരികുവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനു വേണ്ടി രംഗത്തുള്ള സംഘടനകളെ ഭീകര നിയമങ്ങള്‍ ചുമത്തി അടിച്ചമര്‍ത്തുന്നതിന്റെ തുടര്‍ച്ചയാണ് നിരോധനം. നിയമപരമായ മാര്‍ഗങ്ങളിലൂടെ നിരോധനം മറികടക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് തുടക്കം കുറിച്ചതായിട്ടാണ് അറിവ്.
ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ സാമൂഹിക ഇടപെടലുകള്‍ തന്നെയാണ് ബിജെപി സര്‍ക്കാരിന്റെ പ്രശ്‌നമെന്നു മനസ്സിലാക്കാനാവും. ആള്‍ക്കൂട്ട ഭീകരതയ്ക്കിരയായ എല്ലാ കുടുംബങ്ങളെയും പോപുലര്‍ ഫ്രണ്ട് നേതൃത്വം സന്ദര്‍ശിക്കുകയും നിയമസഹായം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. രണ്ടു ജില്ലാ പോലിസ് മേധാവികള്‍ക്കെതിരേ പോലും നിയമ നടപടികള്‍ സ്വീകരിച്ച് മര്‍ദിത-പീഡിത വിഭാഗങ്ങള്‍ക്ക് സംഘടന പുത്തനുണര്‍വു നല്‍കി.
ഹിന്ദുത്വ ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധമെന്നത് ഇന്നു കേവലം സംഘടനാ പരിധിക്കപ്പുറം കടന്ന് ഇന്ത്യന്‍ ജനസമൂഹത്തെ സ്വാധീനിച്ച ആശയമായി വളര്‍ന്നിരിക്കുന്നു. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയുള്ള പുതിയ ചലനങ്ങള്‍ സമൂഹത്തില്‍ ദൃശ്യമാണ്. നിരോധനവും അടിച്ചമര്‍ത്തലും ഒരു ആശയത്തെയും കടിഞ്ഞാണിടുന്നതിനു പര്യാപ്തമല്ലെന്നതിനു ഇന്ത്യയുടെ ചരിത്രം തന്നെ തെളിവാണ്. നിശ്ശബ്ദമായി ഈ കൈയേറ്റങ്ങളും പീഡനങ്ങളും സഹിച്ചും ക്ഷമിച്ചും കഴിഞ്ഞുപോന്ന ജനതയ്ക്ക് വിമോചനത്തിന്റെ പ്രതീക്ഷ നല്‍കിയതാണ് പോപുലര്‍ ഫ്രണ്ട് ചെയ്ത തെറ്റെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഭരണകൂടത്തിന്റെ ഇത്തരം അനീതികള്‍ക്കെതിരേ ശബ്ദിക്കാനും ചെറുത്തുനില്‍പ് ശക്തമാക്കാനുമുള്ള ബാധ്യത ജനാധിപത്യ-മതേതര വിശ്വാസികള്‍ നിര്‍വഹിച്ചേ തീരൂ.
Next Story

RELATED STORIES

Share it