kozhikode local

പൊതു വിദ്യാലയ സംരക്ഷണം : പഞ്ചായത്ത് പ്രചാരണം സ്‌കൂളുകളുടെ ചെലവിലെന്ന്



മുക്കം: അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചു പൂട്ടി കുട്ടികളെ പൊതുവിദ്യാലങ്ങളില്‍ ചേര്‍ക്കണമെന്ന ഉത്തരവ് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡിന് സ്‌കൂളുകളില്‍ നിന്ന് പണം ഈടാക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്തിന്റെ നടപടി വിവാദമാവുന്നു. ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വിദ്യാലയങ്ങള്‍ ഈ അധ്യയന വര്‍ഷം തന്നെ അടച്ചു പൂട്ടണമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റി ചേര്‍ക്കണമെന്ന് രക്ഷിതാക്കളോട് പൊതുതാല്‍പര്യാര്‍ത്ഥം ആവശ്യപ്പെടുന്നു  എന്നെഴുതിയ ബോര്‍ഡുകളാണ് ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ പേരില്‍ വിദ്യാലയങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ടര അടി വീതിയും അഞ്ചടി നീളവുമുള്ള സര്‍ക്കാര്‍ മുദ്രയോട് കൂടിയ തുണി ബോര്‍ഡിന് 350 രൂപയാണ് സ്‌കൂളധികൃതരില്‍ നിന്നും ഈടാക്കുന്നത്. പഞ്ചായത്തിന്റെ പേരില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് സ്‌കൂളധികൃതരില്‍ നിന്ന് പണമിടാക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഇതിന് പുറമെ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ ഏതാക്കെയാണെന്ന് വ്യക്തമാക്കുന്ന പ്രചാരണമൊന്നും പഞ്ചായത്ത് ഇത് വരെ നടത്തിയിട്ടില്ല. സമീപ പഞ്ചായത്തുകളിലെല്ലാം ഇത്തരത്തില്‍ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ പൊതുസ്ഥലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഈ ഒളിച്ചുകളിയും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് പഞ്ചായത്തധികൃതര്‍ അവകാശവാദമുന്നയിക്കുന്നതിനിടെയാണ്, പൊതു വിദ്യാലയങ്ങള്‍ക്ക് ഗുണകരമാവുന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ പ്രചരണം പോലും സ്‌കൂളധികൃതരുടെ തലയില്‍ വെച്ചു കെട്ടുന്നത്.
Next Story

RELATED STORIES

Share it