ernakulam local

പെയ്‌തൊഴിയാതെ മഴ; നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷം

കൊച്ചി: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം റോഡുകളെല്ലാം വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടരുന്നതിനാല്‍ ജനങ്ങളെ വലച്ച് ഗതാഗതക്കുരുക്കും രൂക്ഷമായി. മണിക്കൂറുകളോളം ശക്തമായി പെയ്ത മഴയില്‍ പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിലായതോടെ വാഹന-കാല്‍നട യാത്ര ദുഷ്‌കരമായി.
മേനക, ഹൈക്കോര്‍ട്ട് ജങ്ഷനുകളില്‍ ഓടകള്‍ നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറിയിട്ടുണ്ട്. രവിപുരം മുതല്‍ മഹാരാജാസ് വരെയുള്ള റോഡും വെള്ളത്തില്‍ മുങ്ങി. എംജി റോഡിലും നോര്‍ത്തിലും ഇടറോഡുകളിലുള്‍പ്പെടെ മുട്ടറ്റം വെള്ളം നിറഞ്ഞത് വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും വലച്ചു. ഇടപ്പള്ളി, പാലാരിവട്ടം, ദേശാഭിമാനി, കച്ചേരിപ്പടി, കോണ്‍വെന്റ് ജങ്ഷന്‍, സൗത്ത്, വൈറ്റില തുടങ്ങിയ പ്രധാന ജങ്ഷനുകള്‍ എല്ലാം വെള്ളക്കെട്ട് രൂക്ഷമായി.
എറണാകുളം ബ്രോഡ്‌വേയുടെ ഇടറോഡുകളില്‍ വെള്ളം നിറഞ്ഞത് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. കലൂര്‍ മാര്‍ക്കറ്റിലെ കടകളില്‍ വെള്ളം കയറിയതോടെ കച്ചവടക്കാര്‍ നേരത്തെ കടയടച്ചു. എറണാകുളം കെഎസ്ആര്‍സി ബസ്്‌സ്റ്റാന്‍ഡിലേക്കും എറണാകുളം സൗത്ത്് റെയില്‍വേ സ്റ്റേഷനിലേക്കുമുള്ള വഴികളില്‍ മുട്ടറ്റം വെള്ളംനിറഞ്ഞു. സൗത്ത്് റെയില്‍വേ സ്റ്റേഷനിലെ ചില ട്രാക്കുകളിലും വെള്ളം കയറിയിട്ടുണ്ട്.  പലസ്ഥലങ്ങളിലും ഹോട്ടലുകളില്‍നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും റോഡില്‍ നിറഞ്ഞതോടെ റോഡ് ചീഞ്ഞ് നാറിയ അവസ്ഥയിലേക്കായി. പലയിടത്തും കാല്‍നടയാത്ര സാധ്യമല്ലാത്ത തരത്തിലാണ് വെള്ളം നിറഞ്ഞത്. ചെറുവാഹനങ്ങള്‍ പലതും ചളിയിലും വെള്ളം നിറഞ്ഞ കുഴികളിലും വീണ് അപകടങ്ങളുമുണ്ടായി.
വെള്ളക്കെട്ടിനൊപ്പം നഗരത്തിലെ പലഭാഗത്തെയും ട്രാഫിക് സിഗ്‌നലുകളും പണിമുടക്കിയതോടെ വാഹനക്കുരുക്കും അതീവ രൂക്ഷമായി. എറണാകുളം ഹൈക്കോര്‍ട്ട് ജങ്ക്്ഷനിലും ജനറല്‍ ആശുപത്രി ജങ്ക്ഷനിലും വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കമ്മട്ടിപ്പാടം, ഉദയാകോളനി എന്നിവിടങ്ങളില്‍ കാലവര്‍ഷം സമ്മാനിക്കുന്ന ദുരിതങ്ങങ്ങള്‍ ഒന്നൊഴിയാതെ തുടരുകയാണ്.
Next Story

RELATED STORIES

Share it