kannur local

പെട്ടിപ്പാലത്ത് കടലേറ്റം രൂക്ഷം; വീടുകളില്‍ വെള്ളം കയറി

തലശ്ശേരി: കാലവര്‍ഷം കനത്തതോടെ പുന്നോല്‍, പെട്ടിപ്പാലം ലിമിറ്റ് ഭാഗങ്ങളില്‍ കടലേറ്റം രൂക്ഷമായി. മാക്കൂട്ടം ലിമിറ്റിലെ പ്രസ്‌വളപ്പില്‍ സാദിഖ്, ഫാത്തിമ, ശാന്ത, മധു, ആസിയ, നാരായണി തുടങ്ങി 13ഓളം പേരുടെ വീടുകളില്‍ കടല്‍വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചുവരുകള്‍ വിണ്ടുകീറിയ നിലയിലാണ്. കടലേറ്റത്തോടൊപ്പം വൈദ്യുതിബന്ധം നിലച്ചതോടെ മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി.
കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന കടലേറ്റം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. തലായിയില്‍ പുതിയ ഹാര്‍ബര്‍ പണിതതിന്റെ ഭാഗമായി നിര്‍മിച്ച പുലിമുട്ട് ലിമിറ്റ്, ഇന്ദിരാഗാന്ധി പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ കടലേറ്റത്തിന് ഇടയാക്കുമെന്ന് സമീപവാസികള്‍ നേരത്തെ അറിയിച്ചിരുന്നു.
പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം തലശ്ശേരി ജനറല്‍ ആശുപത്രിക്കു പിന്‍ഭാഗം വരെ തിരമാലകള്‍ ഇരച്ചുകയറുമെന്നും പലതവണ അധികൃതരെ ബോധ്യപ്പെടുത്തുകയുണ്ടായി. കടലാക്രമണം തടയാന്‍ ആറു പുലിമുട്ടുകള്‍ നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിലവില്‍ രണ്ടു പുലിമുട്ടുകള്‍ മാത്രമാണുള്ളത്. രൂക്ഷമായ കടലാക്രമണം തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെ തഹസില്‍ദാര്‍ പി കെ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it