Flash News

പുതുവൈപ്പിലെ സമരക്കാരെ തല്ലിച്ചതച്ച പോലിസ് നടപടി ന്യായീകരിച്ച് ഡിജിപി



കൊച്ചി: പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണി സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തുന്ന പ്രദേശവാസികളെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ച പോലിസ് നടപടി ന്യായീകരിച്ച് ഡിജിപി ടി പി സെന്‍കുമാര്‍. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ തീവ്രവാദി ഭീഷണി ഉണ്ടായിരുന്നതിനാലാണ് സമരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതെന്നും പുതുവൈപ്പില്‍ നടക്കുന്ന സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. പുതുവൈപ്പിലും ഹൈക്കോടതി ജങ്ഷനിലുമുണ്ടായ പോലിസ് നടപടി സംബന്ധിച്ച് ഡിസിപി യതീഷ് ചന്ദ്രയെയും റൂറല്‍ എസ്പി എ വി ജോര്‍ജിനെയും വിളിച്ചുവരുത്തി വിശദീകരണം തേടിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിപി യതീഷ് ചന്ദ്ര പുതുവൈപ്പില്‍ സമരക്കാരെ നേരിടാന്‍ പോയിട്ടില്ല. പ്രധാനമന്ത്രിയുടെ വഴിയില്‍ തടസ്സമുണ്ടാക്കുന്ന രീതിയില്‍ ഹൈക്കോടതി ജങ്ഷനില്‍ ഉണ്ടായിരുന്നവരെയാണ് ഡിസിപി നീക്കം ചെയ്തതെന്നും സെന്‍കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി വന്ന ദിവസം അദ്ദേഹത്തിന് കൊച്ചിയില്‍ തീവ്രവാദിഭീഷണി ഉണ്ടായിരുന്നു. ഞങ്ങള്‍ അത് പുറത്തുപറഞ്ഞിരുന്നില്ല. അത്തരം സാഹചര്യം നിലനില്‍ക്കെ പ്രധാനമന്ത്രി യാത്ര ചെയ്യുന്ന റൂട്ടില്‍ സമരക്കാര്‍ കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. അവരെ നീക്കം ചെയ്യുകയാണ് ഡിസിപി യതീഷ് ചന്ദ്ര ചെയ്തത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വരുന്ന സമയത്ത് ഇത്തരത്തില്‍ സമരക്കാര്‍ വന്നാല്‍ എന്തു ചെയ്യാന്‍ പറ്റും. അത് മുന്‍കൂട്ടി പ്രഖ്യാപിച്ച സമരംപോലും ആയിരുന്നില്ല. അതിനാല്‍ ആളുകളെ മാറ്റേണ്ടിവരും. അതാണ് ഡിസിപി ചെയ്തതെന്നും ഡിജിപി പറഞ്ഞു. പുതുവൈപ്പില്‍ പദ്ധതിയുടെ നിര്‍മാണം 2009 മുതല്‍ നടക്കുകയാണ്. അതിന് പോലിസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശമുണ്ട്. അതാണ് പോലിസ് ചെയ്യുന്നത്. അല്ലാതെ പോലിസ് ആരുടെയും വീട്ടില്‍ കയറി ആക്രമിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
Next Story

RELATED STORIES

Share it