പിണറായി കൂട്ടക്കൊല: കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചു

തലശ്ശേരി: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ (29)ക്കെതിരേ അന്വേഷണസംഘം ഇന്നലെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ ലഭിച്ച ഡയറിക്കുറിപ്പുകളും എഫ്‌ഐആറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടെയാണ് അന്വേഷണ ച്ചുമതലയുള്ള തലശ്ശേരി സിഐ എം പി ആസാദ് തലശ്ശേരി അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
സൗമ്യയുടെ ഫോണ്‍ കോളുകളുടെ വിശദ വിവരങ്ങള്‍ നേരത്തെ കുറ്റപത്രത്തില്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ടു ഘട്ടമായി സമര്‍പ്പിച്ച മൂന്നു കുറ്റപത്രവും കോടതി ഫയലില്‍ സ്വീകരിച്ചിരുന്നില്ല. തന്നിഷ്ടപ്രകാരം ജീവിക്കാന്‍ സൗമ്യ തനിച്ചാണു കുറ്റം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും കാണിച്ചു സമര്‍പ്പിച്ച കുറ്റപത്രമാണു പ്രഥമദൃഷ്ട്യാ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മടക്കിനല്‍കിയിരുന്നത്.
ഒന്നിലധികം മൊബൈല്‍ ഫോണുകളും അതിലേറെ കാമുകന്‍മാരും ഉണ്ടെന്നു പോലിസ് തന്നെ വെളിപ്പെടുത്തിയ സൗമ്യയുമായി അടുത്ത ബന്ധമുള്ള യുവാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താത്തതാണു കോടതി അപാകതയായി ചൂണ്ടിക്കാട്ടിയത്. ഇതു സംബന്ധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയിരുന്നതായി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. അതിനിടെ, കൂട്ടക്കൊലക്കേസിലെ ഏകപ്രതി സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ മരിച്ചതായി ജയിലധികൃതര്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആഗസ്ത് 24ന് രാവിലെ 9.30ന് വനിതാജയില്‍ തോട്ടത്തിലെ കശുമാവില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയെന്നാണു റിപോര്‍ട്ട് ചെയ്തത്. ബന്ധുക്കളെയും തലശ്ശേരി, ധര്‍മടം പോലിസ് സ്‌റ്റേഷനിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രജിസ്ട്രാര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്), കണ്ണൂര്‍ തഹസില്‍ദാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ എന്നിവരെയും മരണവിവരം അറിയിച്ചിരുന്നു. മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തിയതായും ജയിലധികൃതര്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാതാപിതാക്കളായ പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ (76), കമല (65), മകള്‍ ഐശ്വര്യ (എട്ട്) എന്നിവരെ ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയെന്നാണു സൗമ്യക്കെതിരായ കുറ്റം. കേസ് അട്ടിമറിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനാല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it