പാസ്‌പോര്‍ട്ടില്ലാതെ 17ാം വയസ്സില്‍ ദുബയിലെത്തിയ മൂസ നാട്ടിലേക്ക്

കബീര്‍  എടവണ്ണ

ദുബയ്: യാതൊരു യാത്രാരേഖകളുമില്ലാതെ 47 വര്‍ഷം മുമ്പ്് 17ാം വയസ്സില്‍ ദുബയിലെത്തിയ മൂസ അലി നാട്ടിലേക്കു മടങ്ങുന്നു. തിരൂര്‍ വളവന്നൂര്‍ പാറമ്മലങ്ങാടി മൂസ അലി 1971ലാണ് ബേപ്പൂരില്‍ നിന്ന് 650 രൂപ നല്‍കി പത്തേമാരിയില്‍ ദുബയിലേക്ക് വരുന്നത്. വീട്ടിലെ കഷ്ടപ്പാടും നാട്ടിലെ ഭക്ഷ്യക്ഷാമവുമാണ് മൂസയെ നാടുവിടാന്‍ പ്രേരിപ്പിച്ചത്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പക്ഷാഘാതം ബാധിച്ച ഉമ്മ അയ്യാച്ചയെ ശുശ്രൂഷിക്കാനായി മൂസ പഠിത്തം നിര്‍ത്തി. പിന്നീട് മുംബൈയിലേക്ക് നാടുവിടാന്‍ പദ്ധതിയിട്ടു. ഇതറിഞ്ഞ പിതാവ് ഏനിക്കുട്ടിയാണ് സ്വത്തു വിറ്റ് പണം സംഘടിപ്പിച്ച്് യാത്ര ദുബയിലേക്ക് വഴിതിരിച്ചുവിട്ടത്. പണമുണ്ടായാലും അരിപോലും ലഭ്യമല്ലാത്ത കാലമായിരുന്നു നാട്ടില്‍. ഒരാഴ്ചയ്ക്കുള്ള ഭക്ഷണം മാത്രമുണ്ടായിരുന്ന ഉരുവില്‍ 56 യാത്രക്കാരുമായി 24 ദിവസം കടലില്‍ ഏറെ കഷ്ടപ്പെട്ടാണ് മൂസ 1971 ജനുവരിയില്‍ ഒമാനിലെ ദിബ്ബ കടല്‍ത്തീരത്തെത്തുന്നത്.
അവിടെ നിന്ന് റാസല്‍ ഖൈമ വഴിയാണ് ദുബയിലെത്തിയത്. ദുബയിലുണ്ടായിരുന്ന നാട്ടുകാരനായ മൊയ്തീന്‍കുട്ടി ഹാജിയുടെ സഹായത്തോടെ അന്ന് ദുബയില്‍ നിലവിലുണ്ടായിരുന്ന 50 ഖത്തര്‍ റിയാലിന് ജോലി ചെയ്തു. ദുബയിലെ തുറമുഖ തൊഴിലാളികള്‍ക്ക് ഭക്ഷണം പാചകം ചെയ്യലായിരുന്നു ജോലി. ആറു റിയാല്‍ ദിവസക്കൂലിക്ക് ഖോര്‍ഫക്കാനില്‍ പോയി കൃഷിപ്പണിയും ചെയ്തു. പിന്നീട് അബൂദബിയിലെത്തി. അന്ന് മണ്ണെണ്ണ വിളക്കിലാണ് ചെക്‌പോസ്റ്റ്  പ്രവര്‍ത്തിച്ചതെന്ന് മൂസ പറയുന്നു. നിര്‍മാണത്തൊഴിലാളിയായും ഫോ ര്‍ക്ക് ലിഫ്റ്റ് ഓപറേറ്ററായും ജോലി ചെയ്യുന്നതിനിടയില്‍ 1974ല്‍ അബൂദബിയില്‍ പുതുതായി ആരംഭിച്ച ഇന്ത്യന്‍ എംബസി വഴി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി. മുമ്പുണ്ടായിരുന്നവര്‍ ഒമാനില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസിയിലേക്ക് തപാല്‍ അയച്ചായിരുന്നു ഇത്തരം കാര്യങ്ങള്‍ നടത്തിയിരുന്നത്. 15 ദിര്‍ഹം ദിവസക്കൂലിക്ക് പണിയെടുത്ത കാലം. 6500 ദിര്‍ഹം നല്‍കിയാണ് ഒരുവര്‍ഷം കാലാവധിയുള്ള വിസ അടിച്ച് ആദ്യമായി നിയമവിധേയനായ പ്രവാസിയാവുന്നത്.
ആദ്യമായി നാട്ടില്‍ പോയത് ഏഴുവര്‍ഷത്തിനു ശേഷം. അപ്പോഴാണ് ഖദീജയെ ജീവിതപങ്കാളിയാക്കിയത്്. ഏറെ പ്രാരബ്ധങ്ങളുണ്ടായിരുന്ന കുടുംബം മൂസയെ ആശ്രയിച്ചാണു കഴിഞ്ഞത്. 1981 മുതല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദിന്റെ പേഴ്‌സനല്‍ വിഭാഗം ജീവനക്കാരനായി ജോലിനോക്കി. മക്കള്‍ സമീറ, സഫീര്‍, സഹീദ്, സഫീദ് എന്നിവര്‍ കുടുംബ സഹിതം ദുബയിലുണ്ട്.
Next Story

RELATED STORIES

Share it