Kottayam Local

പാല-തൊടുപുഴ റോഡില്‍ അപകടം പെരുകുന്നു



പാലാ: പാലാ-തൊടുപുഴ റോഡില്‍ അപകടം പെരുകുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഭാഗമായ റോഡ് അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയതോടെയാണ് അപകടങ്ങള്‍ പെരുകുന്നത്. ഹൈവേയില്‍ വെള്ളിയാഴ്ച മൂന്നിടങ്ങളിലായി മൂന്ന് അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. മുണ്ടാങ്കല്‍ പള്ളിക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടമുണ്ടായത്. പ്രവിത്താനം ഭാഗത്തുനിന്നും പാലായിലേക്ക് വരുകയായിരുന്ന ഇന്നോവ കാറും സാന്ററോ കാറുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പയസ്മൗണ്ട് കോന്നിപ്പടിയില്‍ മണ്ണൂര്‍ സെബാസ്റ്റ്യന്‍ ജോസഫ് (അപ്പച്ചന്‍-55) ആണ് മരിച്ചത്. ഭാര്യ വല്‍സമ്മ(50), മകന്‍ അലന്‍ (25) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഇവര്‍ തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ ചികി ല്‍സയിലാണ്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സെബാസ്റ്റ്യന്‍ കോട്ടയത്ത് ചെക്കപ്പിന് പോകുംവഴിയാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ പോവുകയായിരുന്ന ഇന്നോവ ക്രാഷ്ബാരിയറില്‍ ഇടിച്ച് നിയന്ത്രണംവിട്ട് പിന്നാലെയെത്തിയ സാന്ററോ കാറിലിടിക്കുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ പ്രവിത്താനത്തിന് സമീപമാണ് രണ്ടാമത്തെ അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തുനിന്നും വരുകയായിരുന്ന മിനിലോറി പാലാ ഭാഗത്തു നിന്നും വരുകയായിരുന്ന സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങള്‍ക്കും കാര്യമായ തകരാറു സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് കാര്യമായ പരുക്കേറ്റില്ല. കാനാട്ടുപാറയില്‍ ബസ് കാറിലിടിച്ചും അപകടമുണ്ടായി. റോഡിന്റെ നിലവാരമുയര്‍ന്നതോടെ വാഹനങ്ങള്‍ അമിതവേഗത്തില്‍ ചീറിപായുന്നതാണ് അപകടം തുടര്‍ക്കഥയാക്കുന്നത്. ആധുനിക നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കിയ റോഡില്‍ കഴിഞ്ഞദിവസം മഴപെയ്തതോടെ പെട്ടന്ന് ബ്രേക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥവന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
Next Story

RELATED STORIES

Share it