kannur local

പഴശ്ശി കോവിലകം ഏറ്റെടുക്കല്‍ ഇഴയുന്നു

എ  ടി  സുബൈര്‍
ഉരുവച്ചാല്‍: പഴശ്ശി കോവിലകം ഏറ്റെടുക്കല്‍ തീരുമാനം ഇഴഞ്ഞു നീങ്ങുന്നു. 113 വര്‍ഷം പഴക്കമുള്ള പഴശ്ശി പടിഞ്ഞാറെ കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇതുവരെ നടപടികളില്ലാതെ കൊട്ടാരം നാശത്തിന്റെ വക്കിലേക്ക്. പതിറ്റാണ്ടുകളായ നാട്ടുകാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും പ്രാരംഭ പ്രവര്‍ത്തനം പോലും തുടങ്ങിയില്ല. കോവിലകം ഏറ്റെടുക്കുന്നതുമായ റിപോര്‍ട്ട് എതാനും മാസംമുമ്പ് റവന്യൂ വകുപ്പ് സര്‍ക്കാരില്‍  സമര്‍പ്പിച്ചു.
കോവിലകം പൊളിച്ച് വില്‍ക്കാന്‍ ഉടമകള്‍ തീരുമാനിച്ചതോടെയാണ് കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട മട്ടന്നുര്‍ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയത്. ചരിത്ര സ്മാരകമാക്കണമെന്നാവശ്യപ്പെട്ട നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാരിന്  നിവേദനം നല്‍കി. ഇരിട്ടി തഹസില്‍ദാര്‍ കോവിലകത്തിന്റെ വില ഉള്‍പ്പെടെ കണക്കാക്കിയുള്ള റിപോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ മുഖേന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ അവകാശികള്‍ക്ക്  കോവിലകത്തിന്റെ വിലയായി കോടിയിലധികം നല്‍ക്കേണ്ടി വരും. മട്ടന്നൂര്‍ തലശ്ശേരി റോഡിന്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്താണ് കോവിലകം സ്ഥിതി ചെയ്യുന്നത്. കാലപഴക്കം കാരണം കോവിലകം തകര്‍ന്നനിലയിലാണ്. 1805 ല്‍ കേരള വര്‍മ പഴശ്ശിരാജ വീരമൃത്യു വരിച്ചതിനുശേഷം 1903ലാണ് അദ്ദേഹത്തിന്റെ പി ന്‍തലമുറക്കാര്‍ പഴശ്ശി പടിഞ്ഞ ാറെ കോവിലകം നിര്‍മിച്ചത്.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ പോരാടിയ നാട്ടുരാജാവ് കേരളവര്‍മ പഴശ്ശിരാജാവിന്റെ പിന്മുറക്കാര്‍ താമസിച്ചതാണ് ഈ കോവിലകം. അവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി 2005ല്‍ അന്തരിച്ചതോടെ ഇവിടെ താമസിക്കാന്‍ ആളില്ലാതായി. അവകാശികളായ ഇവരുടെ മക്കള്‍, റിട്ട. ബാങ്ക് മാനേജര്‍ കേരളവര്‍മ തൃശൂരിലും സഹോദരന്‍ മട്ടന്നൂര്‍ കോളജ് റിട്ട.് അധ്യാപകന്‍ രവിവര്‍മ ചേര്‍ത്തലയിലുമാണ് താമസിക്കുന്നത്. ഇവര്‍ വല്ലപ്പോഴും മാത്രമാണ് കോവിലകം സന്ദര്‍ശിക്കുന്നത്. മഹത്തായ ഒരു രാജവംശത്തിന്റെ ഓര്‍മകള്‍ ഇരമ്പുന്ന കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച് 2010 ല്‍ മട്ടന്നൂര്‍ നഗരസഭ മുന്‍കൈയെടുത്ത് കോവിലകത്ത് യോഗം വിളിച്ചിരുന്നു. എന്നാല്‍ കോവിലകം ന്യായവിലക്ക് ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനായില്ല. സൗജന്യമായി ലഭിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.
കിളിമാനൂരിലും മറ്റും കോടികള്‍ മുടക്കി കൊട്ടാരങ്ങളും പ്രതിമകളും സംരക്ഷിക്കുമ്പോഴാണ് കേരളത്തിന്റെ ചരിത്രമായ പഴശ്ശി കോവിലകം സംരക്ഷിക്കാതെ പോവുന്നതെന്നും പരാതിയുണ്ട്്. അതിനാല്‍ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും സാധനസാമഗ്രികകളും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണമെന്നാണ് നാട്ടുകരുടെ ആവശ്യം.
Next Story

RELATED STORIES

Share it