kannur local

പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

വളപട്ടണം: വാര്‍ഷിക അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഒരുമാസമായി ഓട്ടം നിര്‍ത്തിവച്ച ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂല്‍ യാത്രാബോട്ട് സര്‍വീസ് പുനരാരംഭിച്ചു. കേടായ ബോട്ടിനു പകരം പയ്യന്നൂര്‍ കൊറ്റിയില്‍നിന്നാണ് പുതിയ ബോട്ട് കൊണ്ടുവന്നത്. ഇതോടെ പറശ്ശിനിക്കടവ്-മാട്ടൂല്‍ ജലഗതാഗത മേഖലയിലെ യാത്രാപ്രശ്‌നത്തിന് പരിഹാരമായി. ജലഗതാഗത വകുപ്പിനു കീഴിലുള്ള ഒരു ബോട്ട് മാത്രമാണ് വളപട്ടണം പുഴയിലൂടെ സര്‍വീസ് നടത്തുന്നത്. ഇതാണ് ഒരുമാസം മുമ്പ് അറ്റകുറ്റപ്പണിയെ തുടര്‍ന്നു ഓട്ടം നിര്‍ത്തിയത്. സ്ഥിരംയാത്രക്കാര്‍ ഏറെയുള്ള ഇവിടെ അറ്റകുറ്റപ്പണിക്ക് യൂനിറ്റില്ല. മാട്ടൂലില്‍നിന്ന് ബസ്സിനേക്കാള്‍ വേഗത്തില്‍ വളപട്ടണത്ത് എത്താമെന്നതിനാല്‍ ഏറെപേര്‍ ബോട്ടിനെയാണ് ആശ്രയിക്കുന്നത്. യാത്രാനിരക്കും താരതമ്യേന കുറവ്. ജലഗതാഗത മേഖലയില്‍ ഏറെ ഗുണകരമാവുംവിധം 1997ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ടതായിരുന്നു മാട്ടൂല്‍-പറശ്ശിനിക്കടവ് സര്‍വീസ്. ഇടയ്ക്കുവച്ച് പലതവണ സര്‍വീസ് നിലച്ചു. രാവിലെ ഏഴിനു മാട്ടൂലില്‍നിന്ന് പുറപ്പെടുന്ന ബോട്ട് അഴീക്കല്‍, ബോട്ടുപാലം, പാപ്പിനിശ്ശേരി, വളപട്ടണം, പാറക്കല്‍, നാറാത്ത്, പാമ്പുരുത്തി, മാങ്കടവ് തുടങ്ങിയ ഒമ്പത് സ്‌റ്റോപ്പുകളില്‍നിന്ന് ആളുകളെ കയറ്റിയാണു യാത്ര നടത്തുന്നത്. അഞ്ച് ജീവനക്കാരുള്ള ബോട്ടിന്റെ നിയന്ത്രണം സംസ്ഥാന ജലഗതാഗത വകുപ്പിനാണ്.
Next Story

RELATED STORIES

Share it