Pathanamthitta local

പരിസര ശുചിത്വം: ബക്കറ്റ് ചലഞ്ചുമായി കുരുന്നുകള്‍

റാന്നി: പരിസര ശുചിത്വ സന്ദേശം കുട്ടികളിലൂടെ സമൂഹത്തില്‍ എത്തിക്കുന്നതിനായി വേറിട്ടൊരു മാതൃകയൊരുക്കുകയാണ് റാന്നി വെച്ചൂച്ചിറ എണ്ണൂറാം വയല്‍ സിഎംഎസ് എല്‍പി സ്‌കൂള്‍. ബക്കറ്റ് ചലഞ്ചിലൂടെയാണ് ശുചിത്വ സന്ദേശം എത്തിക്കുന്നതിനായി വിദ്യാര്‍ഥികള്‍ നേരിട്ടിറങ്ങുന്നത്. ഗാന്ധിജയന്തി ദിനമായ ഇന്ന് സ്‌കൂളിലെ ഒരു കുട്ടി തന്റെ വീടും പരിസരവും വൃത്തിയാക്കുക എന്നതാണ് പ്രവര്‍ത്തനം. ഇത് പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴിക്കും. തുടര്‍ന്ന് ഇതേ പ്രവര്‍ത്തനം നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കും. അതിന് ആരെയാണോ ഉദ്ദേശിക്കുന്നത് അവരുടെ തലയില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിക്കും. ദൂരെയുള്ളവരെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏറ്റെടുത്ത ആള്‍ ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തതിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങള്‍ വഴി അയച്ചുകൊടുക്കും. അവര്‍ ചലഞ്ച് ഏറ്റെടുക്കുന്നെങ്കില്‍ തലയില്‍ ബക്കറ്റില്‍ നിന്ന് വെള്ളമൊഴിക്കുന്നതിന്റെ ഫോട്ടോ എടുത്ത് തിരികെ അയക്കണം.
500 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ഇന്ന് 1000 വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന വിവിധ ഗ്രൂപ്പുകള്‍ തിരിക്കുകയും മോക്ഡ്രില്‍ നടത്തുകയും ചെയ്തുവെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു പുല്ലാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it