പട്ടയമേളയിലെ ക്രമക്കേടും അഴിമതിയും: തഹസില്‍ദാര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സി എ സജീവന്‍

തൊടുപുഴ: ജില്ലയില്‍ ഫെബ്രുവരിയില്‍ നടന്ന പട്ടയമേളയില്‍ വന്‍ ക്രമക്കേടും സാമ്പത്തിക അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ രാജകുമാരി, കട്ടപ്പന ഭൂമി പതിവ് തഹസില്‍ദാര്‍മാരെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇടുക്കി ഡെപ്യൂട്ടി കലക്ടര്‍ ജോസഫിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെ നേരിട്ട് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കില്ല. അതിനാലാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. പീരുമേട് എല്‍എ തഹസില്‍ദാര്‍ക്കെതിരേ വകുപ്പ്തല നടപടിക്കും ശുപാര്‍ശയുണ്ട്. മുന്‍ കട്ടപ്പന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി എസ് വര്‍ഗീസ് (എല്‍എ), രാജകുമാരി സ്—പെഷ്യല്‍ തഹസില്‍ദാര്‍ എസ് ബാബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പീരുമേട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി എസ് ഷൈനെതിരേ വകുപ്പുതല നടപടിയും എടുത്തു. ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ ബന്ധുവാണ് തഹസില്‍ദാര്‍ പി എസ് വര്‍ഗീസ്. കട്ടപ്പനയില്‍ നടന്ന കഴിഞ്ഞ പട്ടയമേളയെ സംബന്ധിച്ച് വ്യാപക പരാതികളുയര്‍ന്നിരുന്നു. തുടര്‍ന്ന് റവന്യൂ മന്ത്രിയാണ് വര്‍ഗീസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണവിധേയമായി ഇയാളെ പിന്നീട് പാലക്കാട് ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു. രാജകുമാരി, പീരുമേട് ലാന്‍ഡ് അസൈന്‍മെന്റ് ഓഫിസുകളില്‍ നിന്നും നല്‍കിയ പട്ടയങ്ങളെ സംബന്ധിച്ചും ഒട്ടേറെ പരാതികളുയര്‍ന്നിരുന്നു.
അന്വേഷണം മുന്‍നിര്‍ത്തി ഇരുവരെയും തൃശൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. മധ്യമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് മൂവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതിനു പുറമേ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥസംഘവും ഇവര്‍ക്കെതിരേ റിപോര്‍ട്ടു നല്‍കിയിരുന്നു. വന്‍ ക്രമക്കേടുകളാണ് അന്വേഷണ റിപോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വര്‍ഗീസ് നിലവില്‍ പാലക്കാട് ആര്‍ഡിഒ ഓഫിസില്‍ സീനിയര്‍ സൂപ്രണ്ടാണ്. സസ്‌പെന്‍ഷന്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പകരക്കാരന്‍ ഇന്നലെ തന്നെ ചുമതലയേല്‍ക്കുകയും ചെയ്തു.
ബാബു നിലവില്‍ തൃശൂര്‍ കോര്‍പറേഷന്‍ ഭൂമിയേറ്റെടുക്കല്‍ ഓഫിസില്‍ തഹസില്‍ദാരാണ്. തൃശൂര്‍, പാലക്കാട് കലക്ടര്‍മാര്‍ വഴിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നടപ്പാക്കിയത്. എസ് ബാബു കൈക്കൂലി വാങ്ങവെ വിജിലന്‍സിന്റെ പിടിയിലായി നടപടി നേരിട്ടുവരുന്നയാളാണ്.

Next Story

RELATED STORIES

Share it