palakkad local

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇല്ലാതാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനാവില്ലെന്ന് ഉമ്മന്‍ചാണ്ടി

പാലക്കാട്: യു ഡി എഫ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇല്ലാതാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനാവില്ലെന്ന വെല്ലുവിളിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25 വര്‍ഷം കഴിഞ്ഞാല്‍ സംസ്ഥാന ഖജനാവിന് മുതല്‍ക്കൂട്ടാവുന്ന പദ്ധതിയാണിത്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പോലും പിന്‍വലിച്ചിരിക്കുകയാണ് ഇടതുസര്‍ക്കാര്‍.  കഴിഞ്ഞ ശമ്പള കമ്മീഷന്റെ തീരുമാനം അനുസരിച്ച് പെന്‍ഷന്‍കാര്‍ക്കുള്ള ആരോഗ്യ സംരക്ഷണ പദ്ധതിയുമായി യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയതാണ്. പെന്‍ഷന്‍കാരുടെ ആരോഗ്യ സംരക്ഷണ പദ്ധതി ഫലപ്രദമായി സര്‍ക്കാര്‍ നടപ്പാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.രാജ്യപുരോഗതിയ്ക്ക് പെന്‍ഷന്‍കാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.പെന്‍ഷന്‍കാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കെ എസ് എസ് പി എ സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, സി ആര്‍ ജയപ്രകാശ്, മുന്‍ എം പി വി എസ് വിജയരാഘവന്‍, ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, മുന്‍ എം എല്‍ എമാരായ കെ എ ചന്ദ്രന്‍, സി പി മുഹമ്മദ്, കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, എ രാമസ്വാമി, ഡി അരവിന്ദാക്ഷന്‍, വി രാമചന്ദ്രന്‍, കെ ബാലകൃഷ്ണന്‍ സംബന്ധിച്ചു.
തുടര്‍ന്നു നടന്ന മതാധിഷ്ഠിത ഫാഷിസത്തിനെതിരെ സാംസ്‌കാരിക കൂട്ടായ്മ സെമിനാര്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഭിക്ഷക്കാരുടെ ഗവണ്‍മെന്റാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അത്രയധികം സാമ്പത്തിക പ്രതിന്ധിയിലൂടെയാണ് നാം കടന്നുപോകുന്നതെന്നും കെ ശങ്കരനാരായണന്‍ പറഞ്ഞു. സി പി എം എപ്പോള്‍ ഭരണത്തിലേറിയാലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തും കേരളം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുന്നില്ല.
ഗുണഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഏറ്റവും കൂടുതല്‍ റവന്യൂ വരുമാനമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ വീണ്ടും വീണ്ടും സംസ്ഥാനം കടം വാങ്ങുകയാണ്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍ക്കാരിന് ഒരു ധാരണയുമില്ല. എ ഡി ബിയില്‍ നിന്നും കടം വാങ്ങാന്‍ യു ഡി എഫ് തയ്യാറായപ്പോള്‍ എതിര്‍ത്തയാളാണ് ധനമന്ത്രി തോമസ് ഐസക്. ഇപ്പോള്‍ കിഫ്ബിയില്‍ നിന്നും എല്ലാം ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആളുകളെ പറ്റിക്കാനുള്ള ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോള്‍ കെ എസ് എഫ്  ഇയിലെ പണം ട്രഷറിയില്‍ അടയ്ക്കണമെന്നാണ് ധനമന്ത്രി പറയുന്നത്. ഇതോടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എഫ് ഇ ആറുമാസം കൊണ്ട് പൊളിയുമെന്നും മുന്‍ ധനമന്ത്രി കൂടിയായ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.കെ എസ് എസ് പി എ സംസ്ഥാന ഖജാഞ്ചി ബി സി ഉണ്ണിത്താന്‍ അധ്യക്ഷനായിരുന്നു. ഡോ. ആര്‍സു, ബാലചന്ദ്രന്‍ വടക്കേടത്ത്, ആര്യാടന്‍ ഷൗക്കത്ത് സംസാരിച്ചു. ഉച്ചയ്ക്കുശേഷം വനിതാ സമ്മേളനവും വൈകീട്ട് സംസ്ഥാന കൗണ്‍സിലും നടന്നു. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറി.അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ അധ്യക്ഷനായിരിക്കും. മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.
മുതിര്‍ന്ന പൗരന്മാരുടെ സരക്ഷണവും നിയമപരിരക്ഷയും വിഷയത്തില്‍ പഠനക്ലാസ് നടക്കും. തുടര്‍ന്ന് സംഘടനാ ചര്‍ച്ചയും വൈകീട്ട് നാലിന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വിവിധ ജില്ലകളില്‍ നിന്നായി 1200 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it