malappuram local

നീറാട് നൂഞ്ഞല്ലൂര്‍ ആലീരി മല ഇടിഞ്ഞ് വീടു തകര്‍ന്നു

കൊണ്ടോട്ടി: കനത്ത മഴയില്‍ നീറാട്-വലിയപറമ്പ് റോഡിലെ നൂഞ്ഞല്ലൂര്‍ ആലീരി പുള്ളിശ്ശീരി മല ഇടിഞ്ഞ് വീട് തകര്‍ന്നു. പ്രദേശവാസികള്‍ ഭീതിയില്‍. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയുണ്ടായ മണ്ണിടിച്ചിലില്‍ ചെറു മണക്കാടന്‍ മുഹമ്മദ് റിയാസിന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ബാക്കറി തൊഴിലാളിയായ റിയാസ് പുലര്‍ച്ചെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് മണ്ണും കല്ലും വീടിന്റെ ഒരുഭാഗം മുഴുവന്‍ പതിച്ചത് കണ്ടത്. രണ്ട് കുട്ടികളും ഭാര്യയും വീടിന്റെ മറ്റ് മുറിയിലായതിനാല്‍ വലിയ അപകടമുണ്ടായില്ല. വീടിന്റെ ഒരു മുറിയും അടുക്കളയും ടോയ്‌ലെറ്റും മണ്ണിനടിയിലായി. കുഞ്ഞുങ്ങളുമായി റിയാസ് പുറത്തിറങ്ങി നിലവിളിച്ചതോടെയാണ് പരിസരവാസികള്‍ സംഭവം അറിയുന്നത്.
റിയാസിന്റെ തൊട്ടടുത്ത വീട്ടുകാരനായ ഒ കെ കുട്ട്യാലിയുടെ കിണറും പൂര്‍ണമായും മണ്ണിനടിയിലായി. വലിയ കല്ലും മണ്ണും പതിച്ചാണ് വീടും കിണറും തകര്‍ന്നത്. നിരവധി മരങ്ങളും മണ്ണിനടിയിലായി. മലയുടെ താഴ്ഭാഗത്തുള്ള നൂറുകണക്കിന് കുടംബങ്ങളാണ് ഇതോടെ ആധിയിലായത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കരിപ്പൂര്‍ വിമാനതാവള റണ്‍വേ വികസനത്തിനായി മണ്ണെടുത്ത പ്രദേശമാണിവിടം. ഉയര്‍ന്ന് നില്‍ക്കുന്ന മല മഴ കനത്തോടെ ഇടിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മൂന്ന് കുടുബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ മേഖലയില്‍ വലിയ അപടമുണ്ടായേക്കുമെന്ന ആധിയിലാണ് നാട്ടുകാര്‍. പുളിക്കല്‍ വില്ലേജ് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെയും ഈ ഭാഗത്ത് മലയിടിച്ചിലുണ്ടായിട്ടുണ്ട്.
എന്നാല്‍, ഇത്രശക്തിയില്‍ മലയിടിയുന്നത് ആദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്‌നത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നൂഞ്ഞല്ലൂര്‍ ജനകീയ വികസന സമിതി അധികൃതരോട് ആവശ്യപ്പെട്ടു. കെ പി ശിഹാബ്, പി ദില്‍ഷാദ്, സി എം മുഹമ്മദ് ബഷീര്‍, കെ പി റഹീസ്, എ സുന്ദരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it