wayanad local

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധം; ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു

മാനന്തവാടി: നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസ്സി, ചിറക്കര പ്രദേശങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നിഷേധിച്ച ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഇവിടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വന്നത് ആഗസ്ത് 30നാണ്. എന്നാല്‍, ഇതേക്കുറിച്ച് പൊതുജനങ്ങള്‍ക്ക് യാതൊരുവിധ മുന്നറിയിപ്പും നഗരസഭാ അധികൃതര്‍ നല്‍കിയിരുന്നില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പിഎംഎവൈ ഗുണഭോക്താക്കള്‍ പെര്‍മിറ്റിനായി നഗരസഭയില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്. എന്നാല്‍, പ്രതിഷേധം ഭയന്ന് കൃത്യമായ വിവരം നഗരസഭ മറച്ചുവച്ചെന്നും പറയപ്പെടുന്നു. ഈ നാലു നഗരസഭാ ഡിവിഷനുകളിലും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍, ഇക്കാരണം ചൂണ്ടിക്കാട്ടി ഇവിടങ്ങളില്‍ പൂര്‍ണമായും നിര്‍മാണാനുമതി നിഷേധിച്ചു. ഇതില്‍ തന്നെ പിലാക്കാവ് ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ല. ഈ നാലു ഡിവിഷനുകളില്‍ നിന്നുമായി പിഎംഎവൈ ഭവനപദ്ധതിയില്‍ ഇരുന്നൂറോളം പുതിയ ഗുണഭോക്താക്കളാണ് ഇന്നലെ കരാറിലേര്‍പ്പെടാന്‍ നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിനെത്തിയത്. അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ചോദ്യത്തിന്, അടുത്ത ദിവസങ്ങളില്‍ പരിശോധന നടക്കുമെന്നാണ് ജനപ്രതിനിധികള്‍ അറിയിച്ചത്. ഈ മാസം 30 വരെയാണ് നിലവിലെ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ എഗ്രിമെന്റ് ചെയ്യേണ്ട കാലാവധി.
ഈ സമയത്തിനുള്ളില്‍ പെര്‍മിറ്റ് ലഭിച്ചെങ്കില്‍ മാത്രമേ സര്‍ക്കാരില്‍ നിന്നുമുള്ള ആനുകൂല്യം ലഭിക്കുകയുള്ളൂ. അഞ്ചിന് ജില്ലാ മണ്ണ് പരിശോധനാ വിഭാഗം ഓഫിസര്‍ പി യു ദാസിന്റെ നേതൃത്വത്തില്‍ ഈ ഭാഗങ്ങളില്‍ പരിശോധന നടക്കും.
എന്നാല്‍, ജിയോളജി വകുപ്പിന്റെ പരിശോധനകള്‍ക്കു ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണോയെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ തന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടര്‍ നേരിട്ട് ഇടപെട്ട് പ്രദേശത്ത് പരിശോധന നടത്താന്‍ തയ്യാറാവണമെന്നാണ് ആവശ്യം. ഉത്തരവ് വന്ന അന്നുതന്നെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഭാഗങ്ങളെ തരംതിരിച്ച് നിര്‍മാണപ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാം. നിലവില്‍ ഈ പ്രദേശങ്ങളില്‍ ലൈഫ്, പിഎംഎവൈ പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്.



Next Story

RELATED STORIES

Share it