Alappuzha local

നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

സ്വന്തം പ്രതിനിധി

പൂച്ചാക്കല്‍:  വീട്ടില്‍ ഭിക്ഷാടനത്തിനെന്ന വ്യാജേനയെത്തി നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍  പോലിസ് പിടിയിലായ ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട സ്വദേശി ചിന്നപ്പ (71) നെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തിലെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൂച്ചാക്കല്‍ പൊലീസ് ഇന്ന്്  ആന്ധ്രയിലേക്കു തിരിക്കും. ചിന്നപ്പയെ 14 ദിവസത്തേക്ക് ആലപ്പുഴ സബ്ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  അന്വേഷണത്തിന്റെ ഭാഗമായി ചിന്നപ്പനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പിടിയിലായ ആള്‍ പറഞ്ഞതനുസരിച്ചു മാത്രമാണ് ചിന്നപ്പ എന്ന പേരും വിലാസവും  പോലിസിനു ലഭിച്ചത്. എന്നാല്‍ ഇത് യഥാര്‍ഥ പേരും വിവരങ്ങളുമാണോ എന്നതില്‍ പൊലിസിന് വ്യക്തതയില്ല. ആന്ധ്ര അനന്തപുരം ജില്ലയിലെ പട്ടണം പോലിസ് സ്റ്റേഷനിലേക്ക് ഇത് സംബന്ധിച്ചു പൂച്ചാക്കല്‍ പൊലിസ് വിവരങ്ങള്‍ മെയില്‍ ചെയ്തത്. എന്നാല്‍ ഇതുവരെ വിവരങ്ങള്‍ ലഭിച്ചില്ല. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ചിന്നപ്പയുടെ പിന്നാമ്പുറങ്ങള്‍,ഭിക്ഷാടനമാണോ,തട്ടിക്കൊണ്ടു പോകലാണോ ലക്ഷ്യം,അവിടെ എന്തെങ്കിലും കേസുകളുണ്ടോ, പിന്നില്‍ എന്തെങ്കിലും ലോബിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇവിടെ നിന്നും ആന്ധ്രയ്ക്കു പൊലീസ് സംഘം പോകുന്നത്. പ്രബേഷന്‍ എസ്‌ഐ ജിന്‍സണ്‍ ഡൊമിനികിന്റെ നേതൃത്വത്തിലാണ് മൂന്നംഗ സംഘം ആന്ധ്രയിലേക്ക് പോകുന്നത്. ചിന്നപ്പയുടെ പക്കല്‍  തിരിച്ചറിയല്‍ കാര്‍ഡുകളോ, മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല. മൂന്നു മാസം മുന്‍പ് ഭിക്ഷാടനത്തിന് തനിച്ച് ഇവിടെയെത്തി എന്നാണ് ചിന്നപ്പയുടെ മൊഴി. ആരെങ്കിലും എത്തിച്ചതാണോ,സുഹൃത്തുക്കളുണ്ടോ,ഇതുവരെ താമസിച്ചിരുന്ന സ്ഥലം തുടങ്ങിയവ സംബന്ധിച്ചും ഇവിടെ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാണാവള്ളി അരയങ്കാവിലെ വീട്ടില്‍ ഭിക്ഷയ്‌ക്കെത്തിയ ചിന്നപ്പ നാലു വയസുകാരനെ 10രൂപയുടെ നോട്ട് കാണിച്ചു അടുത്തെക്ക്് വിളിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.  കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയപ്പോള്‍ ചിന്നപ്പ ഓടി രക്ഷപ്പെട്ടു. പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it